2021 രണ്ടാം പാദത്തില്‍ ഖത്തറില്‍ 3.8 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിലെ ഏറ്റവും വലിയ പാചക വാതക കയറ്റുമതി രാജ്യമായ ഖത്തറില്‍ 2021 രണ്ടാം പാദത്തില്‍ 3.8 ബില്ല്യന്‍ റിയാലിന്റെ മിച്ച ബജറ്റെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വരവ് ചിലവ് സംബന്ധിച്ച വിവരങ്ങളുളളത് .
2021 രണ്ടാം പാദത്തില്‍ ഖത്തറിന്റെ ആകെ വരുമാനം 50.1 ബില്ല്യന്‍ റിയാലായിരുന്നു. പെട്രോളിന് ബജറ്റില്‍ കണക്ക് കൂട്ടിയതിലും കൂടിയ വില ലഭിച്ചതും കോര്‍പറേറ്റ് ഇന്‍കം ടാക്സ് പിരിവുമാണ് വരുമാനം ഉയരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് സമയത്ത് പെട്രോള്‍ ബാരലിന് 40 ഡോളറാണ് കണക്കാക്കിയിരുന്നത്. പല സന്ദര്‍ഭങ്ങളിലായി പെട്രോള്‍ വിലയിലുണ്ടായ മാറ്റം ഗുണകരമായി.
2021 ലെ രണ്ടാം പാദത്തില്‍ സുപ്രധാന പദ്ധതികളിലെ ചിലവ് 15 ബില്യണ്‍ റിയാലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ബജറ്റിന്റെ 20.8 ശതമാനമാണ്. പുതുതായി അവാര്‍ഡ് ചെയ്ത പദ്ധതികള്‍ക്കായി 2.7 ബില്യണ്‍ റിയാല്‍ ചിലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 രണ്ടാം പാദത്തില്‍ ഖത്തറിന്റെ മൊത്തം ചിലവ് 46.2 ബില്ല്യന്‍ റിയാലാണ് . ആദ്യ പാദത്തേക്കാള്‍ 2.6 ശതമാനം കൂടുതലാണിത്.
മൊത്തം പൊതു കടം 2.9 ശതമാനം കുറഞ്ഞുവെന്നതാണ് റിപ്പോര്‍ട്ടിലുള്ള മറ്റൊരു പ്രധാാന കാര്യം.