ഖത്തറില്‍ കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ് ലമാനി പറഞ്ഞു. ഖത്തര്‍ ടി.വി.യുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക്് കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്നതിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയയം അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ കിഡ്‌നി മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ 750 പേര്‍ക്കാണ് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുക.
നേരത്തെ നല്‍കിയ അതേ കമ്പനിയുടെ വാക്‌സിന്‍ തന്നെയാണ് നല്‍കുക. ഇവരുടെ വിശദാംശങ്ങള്‍ തയ്യാറാക്കി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന് കൈമാറിയിട്ടുണ്ട്.
മൂന്നാം ഡോസ് വാക്‌സിനും യാത്ര നിയന്ത്രണങ്ങളുമായി ബന്ധമുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്‌സിനെടുത്ത് 5- 6 മാസങ്ങള്‍ കഴിഞ്ഞേ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുകയുള്ളൂ.
മൂന്നാം ഡോസ് വാക്‌സിന് അര്‍ഹതയുള്ളവരുമായി മന്ത്രാലയം നേരിട്ട് ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.