Breaking News

ഖത്തറില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ പുതിയ അധ്യയന വര്‍ഷം ഇന്നാരംഭിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വിപുലമായ തയ്യാറെടുപ്പുകളോടെ പുതിയ അധ്യയന വര്‍ഷം ഇന്നാരംഭിക്കുന്നു. ഏഷ്യന്‍ സ്‌ക്കൂളുകള്‍ ഒഴികെയുള്ളവയാണ് വേനലവധി കഴിഞ്ഞ് പുതിയ അധ്യായന വര്‍ഷമാരംഭിക്കുന്നത്. ഇന്ത്യന്‍ സ്‌ക്കൂളുകള്‍ ഏപ്രിലിലാണ് പുതിയ അധ്യയന വര്‍ഷമാരംഭിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ മുന്‍കരുതലുകളോടെ ബ്‌ളന്‍ഡ് ലേണിംഗ് സിസ്റ്റമാണ് പിന്തുടരുന്നത്. 50 ശതമാനം കുട്ടികള്‍ സ്‌ക്കൂളുകളില്‍ വരുമ്പോള്‍ ബാക്കി 50 ശതമാനം കുട്ടികള്‍ ഓണ്‍ ലൈനിലാണ് ക്‌ളാസുകളില്‍ പങ്കെടുക്കുക.

94 ശതമാനത്തോളം അധ്യാപക അധ്യാപകേതര ജീവനക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ 12- 15 വയസുവരെയുള്ളവര്‍ 48.71 ശതമാനവും 16-18 വയസുവരെയയുള്ളവരില്‍ 63.17 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ് .
പുതിയ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി 530 പുതിയ അധ്യാപകരെ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 416 പേരെ പ്രാദേശികമായും 114 പേരെ വിദേശരാജ്യങ്ങളില്‍ നിന്നുമാണ് നിശ്ചയിച്ചത്.

സ്‌ക്കൂളുകളുടെ അറ്റകുറ്റ പണികളും പെയിന്റിംഗും അണുമുക്തമാക്കല്‍ പ്രക്രിയയുമെല്ലാം നടന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക്് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികളെ സ്‌ക്കൂളുകളിലെത്തിക്കുന്നതിന് 2150 ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വിഭാഗം പ്രത്യേകം പട്രോളിംഗ് ഏര്‍പ്പെടുത്തും.

സുരക്ഷ കാരണങ്ങളാല്‍ സ്‌ക്കൂള്‍ കാന്റീനുകള്‍ പ്രവര്‍ത്തിക്കില്ല. വിദ്യാര്‍ഥികള്‍ ടിഫിന്‍ വീടുകളില്‍ നിന്നും കൊണ്ടുവരണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!