മലബാര്‍ കലാപ ചരിത്രം : ഐസിഎച്ച്ആര്‍ നടപടിയില്‍ ഐഎംസിസി പ്രതിഷേധ സംഗമം നടത്തി
ദോഹ : മലബാര്‍ കലാപത്തിലെ സമര നേതാക്കളേയും രക്ത സാക്ഷികളേയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും വെട്ടി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും നടപടിക്കെതിരെ ഐഎംസിസി ജിസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെര്‍ച്വല്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ ചരിത്ര വിഭാഗം തലവനുമായ ഡോ. കെഎന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു.
മലബാര്‍ കലാപം സ്വാതന്ത്ര്യ സമരപോരാട്ടമല്ലെങ്കില്‍ ഇന്ത്യയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ബഹുഭൂരിപക്ഷം പോരാട്ടങ്ങളും സ്വാതന്ത്ര്യസമരമല്ല എന്ന് പറയേണ്ടിവരുമെന്ന് ഡോ. കെഎന്‍ ഗണേഷ് പറഞ്ഞു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരപോരാട്ടമല്ലെന്നാണ് ഐസിഎച്ച്ആര്‍ വിധിയെഴുതിയിരിക്കുന്നത്, മലയാളികൂടിയായ ആര്‍എസ്എസ് അനുഭാവിയായ ചരിത്രകാരന്‍ സിഐ ഐസകിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിരോധമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഒരു ഘട്ടത്തില്‍ ഇതിനെ പിന്തുണച്ചു. മലബാര്‍ കലാപം ഈ സഖ്യത്തിലൂടെയായിരുന്നു. ഇതിന് ഇസ്‌ലാമിക സ്റ്റേറ്റുമായൊക്കെ ഇപ്പോള്‍ ആര്‍എസ്എസ് ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. നിഷേധാത്മകത അടിസ്ഥാനമാക്കി ലോകത്ത് ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല, ചരിത്ര തമസ്‌ക്കരണം സംഹാരാത്മകമാണ്. അത് സ്വയം നശിക്കാന്‍ ബാധ്യതപ്പെട്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെയും ചരിത്ര നായകരെയും രക്തസാക്ഷികളെയും തമസ്‌ക്കരിക്കുന്നത് പ്രതിപ്രവര്‍ത്തനത്തിന് വഴിവയ്ക്കും. ഇത് കൂടുതല്‍ ചര്‍ച്ചകളിലേക്കും ഓര്‍മ്മപ്പെടുത്തലുകളിലേക്കും നയിക്കും. കേന്ദ്രസര്‍ക്കാറിന്റെ ഈ നിഷേധാത്മക സമീപനം പുതുതലമുറയ്ക്ക് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.
ഐഎന്‍എല്‍ നേതാക്കളായ സിപി. നാസര്‍ കോയ തങ്ങള്‍, എന്‍കെ അബ്ദുല്‍ അസീസ്, ഐഎംസിസി ജിസിസി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍, ട്രഷറര്‍ സയ്യിദ് ശാഹുല്‍ ഹമീദ്, ലോക കേരളം സഭ അംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം. അബ്ദുല്ലക്കുട്ടി, ബഹ്റൈന്‍ ഐഎംസിസി പ്രസിഡണ്ട് മൊയ്തീന്‍കുട്ടി പുളിക്കല്‍, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡണ്ട് ഷംസീര്‍ കരുവന്തുരുത്തി, എന്‍എസ്എല്‍ സംസ്ഥാന പ്രസിഡണ്ട് എന്‍എം മഷൂദ്, ഐഎംസിസി ജിസിസി എക്‌സിക്യൂട്ടിവ് അംഗം സുബൈര്‍ ചെറുമോത്ത് (ഖത്തര്‍), കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധുര്‍, ജനറല്‍ സെക്രട്ടറി ഷെരീഫ് താമരശ്ശേരി, ഒമാന്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി ശരീഫ് കൊളവയല്‍, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജിസിസി എക്‌സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റഫീഖ് അഴിയൂര്‍ നന്ദിയും പറഞ്ഞു.