
10, 12 ക്ളാസുകാര്‍ക്ക് ഈ വര്‍ഷം രണ്ട് ബോര്‍ഡ് പരീക്ഷകള്‍
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ : 10, 12 ക്ളാസുകാര്‍ക്ക് ഈ വര്‍ഷം രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഉണ്ടാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എക്സാമിനേഷന്‍ ( സി.ബി.എസ്. ഇ ) അറിയിച്ചു. ഈ അധ്യയന വര്‍ഷത്തെ രണ്ട് ടേമുകളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ഫസ്റ്റ് ടേമും നവംബര്‍ മുതല്‍ മാര്‍ച്ചുവരെ സെക്കന്റ് ടേമുമായിരിക്കും. ഫസ്റ്റ് ടേമിന്റെ അവസാനം നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി ആദ്യ പൊതു പരീക്ഷ നടത്തും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളോടെ ഓണ്‍ലൈനായാണ് ആദ്യ പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ പരീക്ഷയെഴുതാം.
മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായാണ് രണ്ടാമത്തെ പരീക്ഷ നടത്തുക. സാഹചര്യം അനുകൂലമാണെങ്കില്‍ ഡിസ്‌ക്രിപ്റ്റീവ് സ്വഭാവത്തില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തും. കോവിഡ് സ്ഥിതിഗതികള്‍ അനുകൂലമല്ലാതെ വന്നാല്‍ ആദ്യ പരീക്ഷ പോലെ തന്നെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളോടെ ഓണ്‍ലൈനായി പരീക്ഷ നടത്തും. ഏത് വിധേനയും ഈ വര്‍ഷം പരീക്ഷ നടത്തണമെന്നാണ് ബോര്‍ഡ് തീരുമാനം.
കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് മൊത്തം സിലബസിന്റെ 30 ശതമാനത്തോളം ഇളവ് നല്‍കിയാണ് സി.ബി.എസ്.ഇ ഈ അധ്യായന വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്. സിലബസ് സംബന്ധിച്ചും പരീക്ഷകള്‍ സംബന്ധിച്ചും സ്‌ക്കൂളുകള്‍ക്ക് വിശദമായ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.