ഖത്തറില്‍ ഫ്ളൂ സീസണ്‍ നേരത്തെ തുടങ്ങിയേക്കും, ഫ്ളൂ വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ ഫ്ളൂ സീസണ്‍ നേരത്തെ തുടങ്ങിയേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നുമുതല്‍ ഫ്ളൂ വാക്സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി സഹകരിച്ച് രാജ്യത്തെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഔട്ട് പേഷ്യന്റ് ക്ളിനിക്കുകള്‍, ഖത്തറിലുടനീളമുള്ള 45 ലധികം സ്വകാര്യ, അര്‍ദ്ധ-സ്വകാര്യ ക്ലിനിക്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ഫ്ളൂ വാക്സിന്‍ നല്‍കും.
സാധാരണയായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ അവസാനമാണ് സീസണല്‍ ഇന്‍ഫ്ളുവന്‍സ ക്യാമ്പയിന്‍ ആരംഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം ഫ്ളൂ സീസണ്‍ നേരത്തെ തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പ്രായോഗിക അനുഭവവും കണക്കിലെടുത്താണ് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കാമ്പയിന്‍ ആരംഭിച്ചതെന്ന്് കോവിഡ് നേരിടുന്നതിനുള്ള നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച്എംസിയിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.