ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വന്‍ വര്‍ദ്ധന , സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 2047 പേര്‍ പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വന്‍ വര്‍ദ്ധന . കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 2047 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ദിവസം ഇത്രയുമധികമാളുകളെ പിടികൂടുന്നത് ഇതാദ്യമാണ്.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 1289 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 736 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 22 പേരെയയുമാണ് ഇന്നലെ പിടികൂടിയത്. ഖത്തറിലെ കോവിഡ് നിയന്ത്രണത്തിന്റേയും പ്രതിരോധത്തിന്റേയും സുപ്രധാനമായ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ എല്ലാവരും ഡൗണ്‍ ലോഡ് ചെയ്യല്‍ നിര്‍ബന്ധമമാണ് . ഇഹ്തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് നിയമം.
പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
മഹാമാരിയെ പ്രതിരോധിക്കേണ്ടത് കൂട്ടുത്തരവാദിത്തമാണെന്നും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിച്ച് ഈ ദൗത്യത്തില്‍ പൊതുജനം സഹകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.