ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് , നിലവില്‍ 2.57 മില്യണ്‍ ജനങ്ങള്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനസംഖ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് . പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ആഗസ്ത് മാസം ഖത്തര്‍ ജനസംഖ്യ 2.74 മില്യണ്‍ ആയിരുന്നത് 2021 ആഗസ്ത മാസം 2.57 മില്യണ്‍ ആയി കുറഞ്ഞിരിക്കുന്നു.
ജനസംഖ്യ കുറയുന്നത് ഖത്തറിലെ വിവിധ വ്യവസ്യായ സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കും.
2021 ആഗസ്ത് 31 ന്റെ കണക്കനുസരിച്ച് രാജ്യത്തിനകത്തുളള മൊത്തം സ്വദേശികളുടേയും വിദേശികളുടേയും കണക്കാണിത്. രാജ്യത്തിന് പുറത്തുള്ള സ്വദേശികളും വിദേശികളും ഈ കണക്കില്‍ പെടുന്നില്ല. അതുപോലെ തന്നെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും വരുന്നവരൊന്നും ഈ കണക്കില്‍പെടുന്നില്ല. ഓണ്‍ അറൈവല്‍ വിസയിലും മറ്റുമായി നിത്യവും ആയിരക്കണക്കിനാളുകളാണ് ഖത്തറിലെത്തുന്നത്.
കോവിഡ് കാരണം പലരും നാടുകളില്‍ കുടുങ്ങിയതും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയതുമൊക്കെ ഇതില്‍പ്പെടാം. ഖത്തറിലെ നിര്‍മാണ മേഖലയിലെ പല വന്‍ പദ്ധതികളും പൂര്‍ത്തിയായതും പുതിയ പദ്ധതികള്‍ തുടങ്ങാത്തതും ജനസംഖ്യ കുറയുന്നതിനുള്ള കാരണമാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ 2022 ഫിഫ ലോക കപ്പിന്റെ മുന്നോടിയായി പല വന്‍ പദ്ധതികളും പൂര്‍ത്തിയാക്കി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങിയതും ഖത്തറിലെ ജനങ്ങള്‍ കുറയാന്‍ കാരണമാകാം.
2021 ആഗസ്ത് മാസത്തില്‍ 2125 ജനനവും 221 മരണവും റിപ്പോര്‍ട്ട് ചെയ്തു. 339 വിവാഹങ്ങളും 243 വിവാഹ മോചനങ്ങളുമാണ് ഈ കാലയളവില്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.