ഖത്തറില്‍ 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവലിന് ഉജ്വല തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ 2021 ലെ മൂന്നാമത് ഈത്തപ്പഴ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്ത്് പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ ആരംഭിച്ച മേളയിലേക്ക് ഉദ്ഘാടന ദിവസം തന്നെ നിരവധി പേരാണ് ഒഴുകിയെത്തിയത്.
മികച്ച പ്രാദേശിക ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് വാങ്ങാമെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.
8 റിയാല്‍ മുതല്‍ 15 റിയാല്‍വരെയാണ് മിക്കയിനങ്ങളുടേയും വിലയെന്നതിനാല്‍ സ്വദേശികളും വിദേശികളുമൊക്കെ ഈത്തപ്പഴങ്ങള്‍ സ്വന്തമാക്കാന്‍ സുഖ് വാഖിഫിലേക്ക് ഒഴുകിയപ്പോള്‍ മേളയുടെ ആദ്യദിനം സംഘാടകരുടെ പ്രതീക്ഷ മറികടക്കുന്നതായി.
ഖത്തറിലെ 55 ഫാമുകള്‍, പ്രമുഖ ദേശീയ കമ്പനികളുമാണ് എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 23 വരെ നിത്യവും 3 മണി മുതല്‍ 9 മണിവരെയായിരിക്കും മേള. എന്നാല്‍ വാരാന്ത്യങ്ങളില്‍ രാത്രി 10 മണി വരെ മേള തുടരും.
പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും കര്‍ഷകരെ പിന്തുണക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക വകുപ്പാണ് മേളക്ക് നേതൃത്വം കൊടുക്കുന്നത്.
ഈത്തപ്പഴങ്ങള്‍ ഉണക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 100 മുറികള്‍ ഉല്‍പാദകര്‍ക്ക് ലഭ്യമാക്കിയത് ഇത്തപ്പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.