Uncategorized

തീം സോംഗുമായി വിമന്‍ ഇന്ത്യ ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ പ്രമുഖ വനിത കൂട്ടായ്മയായ വിമന്‍ ഇന്ത്യ ഖത്തറിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവലായി രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ഔദ്യോഗിക ഗാനം പുറത്തിറക്കി. 41 വര്‍ഷക്കാലത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മഹത്തായ സേവനങ്ങള്‍ ഉള്‍ക്കൊളളുന്ന വിമന്‍ ഇന്ത്യ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളുടെ രത്നച്ചുരുക്കമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഔദ്യോഗിക ഗാനം.

ഖത്തറിന്റെ മണ്ണില്‍ വ്യക്തി മുദ്ര പതിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടന എന്ന നിലയ്ക്ക് വിമന്‍ ഇന്ത്യ ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതമാണ്. വിമന്‍ ഇന്ത്യ ഖത്തറിന്റെ തീം സോംഗ് വിഡിയോ യു ട്യൂബ് വഴിയാണ് പുറത്തിറക്കിയത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മനോഹരമായി ചിത്രീകരിച്ച വിഡിയോ ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ പ്രവാസി വനിതകള്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ മകളും , ‘മുഹമ്മദ് റാഫി ലോക വെല്‍ഫെയര്‍ ഫൌണ്ടേഷന്‍’ ഡയറക്റ്ററുമായ നസ്രീന്‍ മിറാജ് അഹ്‌മദ് ആണ് തീം സോങ്ങ് പ്രകാശനം ചെയ്തത്. ഗാനം പുറത്തിറക്കുന്ന വേളയില്‍ വളരെ വികാര നിര്‍ഭരമായ വാക്കുകളിലൂടെ അവര്‍ തന്റെ പിതാവിനെ അനുസ്മരിച്ചു. ഖത്തറിലെ വനിതകള്‍ക്കു അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും കഴിവുകള്‍ കണ്ടെത്തുന്നതിലും സ്ത്രീകളുടെ കലാ സാഹിത്യ വൈജ്ഞാനിക രംഗത്തെ നൈപുണ്യം വളര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംഘടനയാണ് വിമന്‍ ഇന്ത്യ ഖത്തര്‍. അത്തരമൊരു മഹത്തായ ലക്ഷ്യത്തിനായി അവരുടെ വ്യക്തിപരമായ സമയം നല്‍കുന്നുണ്ടെങ്കില്‍ അവര്‍ ദൈവം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു മുഖ്യാതിഥി നസ്രീന്‍ മിറാജ് അഹ്‌മദ് അഭിപ്രായപ്പെട്ടു.

ഭാഷയും, വാക്കും, പദങ്ങളും, സംഗീതവുമെല്ലാം ചെറുത്തു നില്‍പ്പിന്റെ, പ്രതിരോധത്തിന്റെ, പ്രതിഷേധത്തിന്റെ, അതിജീവനത്തിന്റെ, ഐക്യദാര്‍ഢ്യത്തിന്റെ മാധ്യമമാവേണ്ട കാലമാണിതെന്നും, ഗസ്സയിലെ നിഷ്‌കളങ്കരായ കുഞ്ഞങ്ങളോടും, ഫലസ്തീന്‍ ജനതയോടും, ഖുദൂസ് വിമോചന പോരാളികളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും വിമന്‍ ഇന്ത്യ പ്രസിഡന്റ്് നഹിയ ബീവി പറഞ്ഞു.

ചെറുപ്രായത്തില്‍ തന്നെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി യൂ ട്യൂബില്‍ മില്ല്യന്‍ കാഴ്ച്ചക്കാരുള്ള ബാല ഗായിക ആയിശ അബ്ദുല്‍ ബാസിത് സൂം പ്ലാറ്റ് ഫോമില്‍ നടന്ന പരിപാടി ഗാനമാലപിച്ചു കൊണ്ട് ഉദ്ഘടനം ചെയതു.

ഷാഫി മൊയ്തു രചന നിര്‍വഹിച്ച വിമന്‍ ഇന്ത്യ ഖത്തര്‍ തീം സോംഗിന് സംഗീത സംവിധായകന്‍ അമീന്‍ യാസിറാണ് ഈണം പകര്‍ന്നത്. തലശ്ശേരി സ്വദേശി റഫ റാസിക്കാണ് തീം സോംഗിന് ശബ്ദം നല്‍കിയത്. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച വിമന്‍ ഇന്ത്യയുടെ ഔദ്യോഗിക ഗാനത്തിന് ലുലു അഹ്സന ദൃശ്യ വിരുന്നൊരുക്കിയപ്പോള്‍ പ്രവാസ ലോകത്തിന് അത് വേറിട്ട അനുഭവമായി മാറി.

മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ സി.ഐ.സി.പ്രസിഡന്റ്റ് കെ,ടി.അബ്ദുറഹ്‌മാന്‍, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സി.വി.ജമീല , വിമന്‍ ഇന്ത്യ തീം സോംഗ് ഗായിക റഫ റാസിഖ്, രചയിതാവ് ഷാഫി മൊയ്തു, സംഗീത സംവിധായകന്‍ അമീന്‍ യാസിര്‍, തനിമ ഖത്തര്‍ ഡയറക്ടര്‍ അഹമദ് ഷാഫി എന്നിവര്‍ സംസാരിച്ചു.

ബബീന ബഷീറിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. വിമന്‍ ഇന്ത്യ ഖത്തര്‍ പി.ആര്‍. ആന്‍ഡ് മീഡിയ സെക്രട്ടറി മുഹ്സിന നന്ദി പറഞ്ഞു. ശാദിയ ശരീഫ് പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!