Uncategorized

സംസ്‌കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്

ദോഹ : സാഹിത്യകാരന്‍ സി. വി. ശ്രീരാമന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിച്ചുവരുന്ന സംസ്‌കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വര്‍ഷത്തെ മത്സരത്തില്‍ സാദിഖ് കാവിലിന്റെ ‘കല്ലുമ്മക്കായ’ എന്ന ചെറുകഥ പുരസ്‌കാരത്തിനു അര്‍ഹമായി.

കാസര്‍ഗോഡ് സ്വദേശിയായ സാദിഖ് കഴിഞ്ഞ 15 വര്‍ഷമായി ദുബൈയില്‍ മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ആയി ജോലി ചെയ്യുന്നു. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതുന്നു. മികച്ച നോവലിനുള്ള ദോഹ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം (2017) പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് (2014) എന്നിവ ഡി. സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഔട്പാസ്’ എന്ന ആദ്യ നോവലിന് ലഭിച്ചു. ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഖുഷി’ എന്ന ബാലനോവലിന് ചിരന്തന സാഹിത്യ പുരസ്‌കാരം ലഭിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എം.ഇ.എസ്. പൊന്നാനി അലുംനെ കഥാ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ‘കാവിലെ പൂക്കള്‍ക്കും കിളികള്‍ക്കും’ (ഓര്‍മ്മക്കുറിപ്പുകള്‍ -2018), ‘ജീവിതത്തിന്റെ നല്ലൊരു ഭാഗം’ (ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍ – 2014), ‘കന്യപ്പാറയിലെ പെണ്‍കുട്ടി’ (നോവല്‍ 2014), ‘പ്രിയ സുഹൃത്തിന്’ (കഥകള്‍ – 2000) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങള്‍.

ജി. സി. സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസിമലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യു.എ.ഇ, സൗദി, ബഹ്റൈന്‍, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളില്‍ നിന്നുമായി 75 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.

സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലന്‍, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ. മോഹന്‍ദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. നവംബര്‍ 05 നു വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഐ.സി.സി. അശോക ഹാളില്‍ വെച്ച് നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടക്കും. ജൂറി അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് സംസ്‌കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരനത്തോടെ ഈ വേദിയില്‍ വെച്ച് നടക്കും.

സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ്കുട്ടി ആറളയില്‍, ജനറല്‍ സെക്രട്ടറി എ. കെ. ജലീല്‍, സംസ്‌കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമിതി കണ്‍വീനര്‍ ഇ. എം. സുധീര്‍, കേരളോത്സവം പ്രോഗ്രാം കണ്‍വീനര്‍ ഒ.കെ. സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!