മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഖത്തറിലെ പ്രവാസികളുടെ ചികില്‍സ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലാകും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പാസാക്കിയ 2021 ലെ ആരോഗ്യ സംരക്ഷണ സേവന നിയമം 22 അനുസരിച്ചുള്ള നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുടെ ചികില്‍സ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലായിരിക്കും. ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളും ആശുപത്രികളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത ചികില്‍സ മാത്രമേ വിദേശികള്‍ക്ക് ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുകയുള്ളൂ . ഇന്‍ഷ്യൂറന്‍സ് കാര്യങ്ങള്‍ക്കായുള്ള ആരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ മുഗൈസിതാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണ സേവന നിയമവും ഇന്‍ഷ്യൂറന്‍സ് പരിരക്ഷയും സംബന്ധിച്ച ഖത്തര്‍ ചാമ്പറിന്റെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ കമ്പനികളുടെ ഇന്‍ഷ്യൂറന്‍സ് വ്യവസായത്തിന് കരുത്ത് പകരുന്നതാണ് ആരോഗ്യ സംരക്ഷണ സേവന നിയമമെന്നും ആരോഗ്യ രംഗത്ത് ഗുണപരമായ മാറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
2021 ലെ 22 ാം നിയമമനുസരിച്ച് 2022 ഏപ്രില്‍ മുതല്‍ ഖത്തറിലെ മുഴുവന്‍ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സ് ബാധകമാകും.