സൗദി കിരീടാവകാശി ലുസൈല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് 2022 ഫിഫ ലോക കപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയോടൊപ്പമാണ് സൗദി കിരീടാവകാശി സ്റ്റേഡിയം സന്ദര്‍ശിച്ചത്.
ഖത്തറും സൗദിയും തമ്മിലുള്ള സാഹോദര്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ചര്‍ച്ചകളും കൂടിക്കാഴ്ചകളുമായിരുന്നു സൗദി കിരീടാവകാശിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട.
ഇന്ന് രാവിലെ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി സൗദി കിരീടാവകാശിയേയും സംഘത്തേയും സ്വീകരിച്ച് ചര്‍ച്ച നടത്തി.
യോഗത്തില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി എന്നിവരും നിരവധി ശൈഖുമാരും മന്ത്രിമാരും പങ്കെടുത്തു.
ഖത്തറും സൗദിയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.