നഗരം ചുമലുകളില്‍, ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: നഗരം ചുമലുകളില്‍ എന്ന അടിക്കുറിപ്പോടെ ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫര്‍ ഒപ്പിയെടുത്ത ഫോട്ടോക്ക് അന്താരാഷ്ട്ര പുരസ്‌കാരം. കഴിഞ്ഞ 5 വര്‍ഷമായി ഖത്തറിലെ കംപ്യൂട്ടര്‍ അറേബ്യ എന്ന സ്ഥാപനത്തില്‍ ഐ.ടി. എഞ്ചിനീയറായി ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശി അജീഷ് പുതിയടത്ത് ആണ് പാരിസ് ഇന്റര്‍നാഷനല്‍ സ്ട്രീറ്റ് ഫോട്ടോ അവാര്‍ഡ്സില്‍ സ്ട്രീറ്റ് ആന്റ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിന്നര്‍ പുരസ്‌കാരം നേടിയത്.
2022 ലോക കപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് അജീഷ് പകര്‍ത്തിയത്. കോര്‍ണിഷിലെ വലിയ ബ്വില്‍ഡിംഗുകള്‍ രണ്ട് തൊഴിലാളികള്‍ തങ്ങളുടെ ചുമലിലേറ്റി നില്‍ക്കുന്ന ചിത്രം ഏറെ തന്മയത്തത്തോടെയാണ് അജീഷ് ഒപ്പിയെടുത്തത്.
തൊഴിലാളികളുടെ വിയര്‍പ്പൊഴിക്കാതെ ഒരു കെട്ടിടവും കെട്ടിപ്പൊക്കാനാവില്ലെന്നതാണ് തന്റെ ഫോട്ടോ അടിവരയിടുന്നതെന്ന് അജീഷ് പറഞ്ഞു.
കഴിഞ്ഞ 7 വര്‍ഷത്തോളമായി ഫോട്ടോഗ്രാഫിയില്‍ സജീവമായ അജീഷിന് 2019 ലെ ഖത്തര്‍ മ്യൂസിയത്തിന്റെ ഇയര്‍ ഓഫ് കള്‍ച്ചര്‍ പുരസ്‌കാരം, ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കതാറയില്‍ പ്രദര്‍ശിപ്പിച്ച അജീഷ് പുതിയടത്തിന്റെ ഫോട്ടോകള്‍ ഖത്തര്‍ മ്യൂസിയംസ് സ്‌പോണ്‍സര്‍ ചെയ്ത് ഡല്‍ഹിയിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് , വാഷിംഗ്ടണ്‍, മിനപോളിസ്, റോം എന്നിവിടങ്ങളിലും വിവിധ എക്‌സിബിഷനുകളില്‍ അജീഷ് പുതിയടത്തിന്റെ ഫോട്ടോകള്‍ സ്ഥാനം പിടിച്ചിരുന്നു.
ജോലി കഴിഞ്ഞ് കാമറയും തോളിലേറ്റി ഓരോ സ്ഥലങ്ങളില്‍ കറങ്ങി നടക്കും. ആകര്‍ഷകമായി തോന്നുന്ന നിമിഷങ്ങള്‍ പകര്‍ത്തും. അതൊരാവേശമാണ്് .ഏറെ ആസ്വദിക്കുന്ന ആവേശം, അജീഷ് പറഞ്ഞു.