ഫിഫ 2022 ലോക കപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായി ക്യുഗെറ്റ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോക കപ്പിന്റെ ഒരുക്കങ്ങളിലും സന്നദ്ധ സേവന രംഗത്തും സജീവമായ പങ്കാളിത്തവുമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്യുഗെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു. തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ക്യുഗെറ്റ് ആണ് മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരാവുന്നത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐബിപിസി ( ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍) ല്‍ രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ സംഘടനയായ ക്യുഗെറ്റ്.
അറബ് കപ്പിലും സേവന സന്നദ്ധരായി മുന്നിലുണ്ടായിരുന്നു.ഫിഫയുടെ കീഴില്‍ ഖത്തറില്‍ നടന്ന പ്രഥമ അറബ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് 10 സന്നദ്ധസേവകരെയാണ് ക്യുഗെറ്റ് സംഭാവന ചെയ്തത്. 1990 മുതല്‍ 2019 വരെയുള്ള വിവിധ ബാച്ചുകളിലായി പുറത്തിറങ്ങിയ എഞ്ചിനീയര്‍മാരാണ് പ്രായം സാമൂഹ്യ സേവനത്തിനു ഒരു തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട്, അന്താരാഷ്ട ഫുട്‌ബോള്‍ മാമാങ്കത്തിനായൊരുക്കിയ മനോഹരമായ ആറു സ്റ്റേഡിയങ്ങളില്‍ സേവനമനുഷ്ഠിച്ചത്.
60000 അപേക്ഷകരില്‍ നിന്നാണ് 5000 പേരുടെ സന്നദ്ധസേവക സംഘത്തെ ആറു മാസക്കാലത്തെ വിശദമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഫിഫ ഒരുക്കിയത്. ഫിഫ നെറ്റ് വര്‍ക്ക്, ടിവി ഓപ്പറേഷന്‍, ഫാന്‍ സപ്പോര്‍ട്, ഗതാഗതം, മീഡിയ ഒപ്പറേഷന്‍, ടിക്കറ്റിങ്, സ്‌പെകാറ്റര്‍ സര്‍വീസ് സപ്പോര്‍ട്, വര്‍ക്ക്ഫോഴ്സ് ഓപ്പറേഷന്‍, തുടങ്ങിയ സാങ്കേതികവും അല്ലാതെയുമുള്ള വകുപ്പുകള്‍ക്ക് കീഴിലായുള്ള പ്രവര്‍ത്തങ്ങളിലൂടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.
അറബ് കായിക മാമാങ്കം ചരിത്ര വിജയമായതില്‍ ഒരു പങ്കു വഹിക്കാനായതിന്റെ ചാരിതാര്‍ഥ്യം ചെറുതല്ലെന്നും ഇപ്പോള്‍ ലഭിച്ച ഊര്‍ജ്ജം അടുത്ത വര്‍ഷം നടക്കുന്ന ലോകക്കപ്പ് ഫുടബോള്‍ മത്സര നടത്തിപ്പിന്റെ ഭാഗമാവാനുള്ള ആവേശം നല്‍കുന്നതാണെന്നും സന്നദ്ധ സേവകര്‍ അഭിപ്രായപ്പെട്ടു. അംഗങ്ങള്‍ക്കിടയില്‍ കായിക അവബോധം വളര്‍ത്തുന്നതിനായി 2022 നെ കായിക വര്‍ഷമായി ആചരിക്കാന്‍ സംഘടന തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗം അംഗങ്ങള്‍ക്കും അനുയോജ്യമായ മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന എഞ്ചിനീയറിംഗ് കോളേജുകളിലൊന്നായ ഒന്നായ തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇന്ത്യക്കകത്തും പുറത്തും സാങ്കേതിക വ്യവസായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി എഞ്ചിനീയര്‍മാരെ സംഭാവന ചെയ്ത മഹത്തായ സ്ഥാപനമാണ്.