
കോവിഡ് പ്രതിസന്ധി, കര്‍ശനമായ സന്ദര്‍ശക നയങ്ങള്‍ പ്രഖ്യാപിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശനമായ സന്ദര്‍ശക നയങ്ങള്‍ പ്രഖ്യാപിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. കോവിഡ്-19-ല്‍ നിന്ന് രോഗികളെയും സന്ദര്‍ശകരെയും ആരോഗ്യ പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ആശുപത്രികള്‍ക്കും ഉടനടി പ്രാബല്യത്തില്‍ വരുന്ന കര്‍ശനമായ സന്ദര്‍ശക നയങ്ങളാണ് പ്രഖ്യാപിച്ചത്.
കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബൈരീക്ക് ജനറല്‍ ഹോസ്പിറ്റലിന്റെ കീഴിലുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍ എന്നീ മൂന്ന് പ്രധാന കോവിഡ്-19 ആശുപത്രികളിലേയ്ക്ക് ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കില്ല.
കോവിഡ്-19 അല്ലാത്ത ആശുപത്രികളില്‍, ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 8 വരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ.
സന്ദര്‍ശകരുടെ ഒരു ഇഹ്തിറാസ് സ്റ്റാറ്റസ് പച്ച നിറമായിരിക്കണം. കൂടാതെ മാസ്‌ക് ധരിക്കുകയും പ്രവേശനത്തിന് മുമ്പ് താപനില പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
ഒരു സമയത്ത് ഒരു സന്ദര്‍ശകനെ പരമാവധി 15 മിനിറ്റു നേരത്തേക്ക് മാത്രമേ അനുവദിക്കൂ. പൊതു സന്ദര്‍ശന സമയങ്ങളില്‍ പരമാവധി 3 സന്ദര്‍ശകരെ വരെ അനുവദിക്കും.15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ആശുപത്രി സന്ദര്‍ശിക്കാന്‍ അനുവാദമില്ല.
ഭക്ഷണം, പൂക്കള്‍, പാനീയങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവ ആശുപത്രുകളിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല.