കോവിഡ് പ്രതിസന്ധി: എല്ലാ അവധികളും റദ്ദാക്കാനും രാജ്യത്തിന് പുറത്തുള്ളവരോട് ഉടന്‍ ജോലിയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ട് പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയും പുതിയ വകഭേദങ്ങളും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ അവധികളും റദ്ദാക്കാനും രാജ്യത്തിന് പുറത്തുള്ളവരോട് ഉടന്‍ ജോലിയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ട് ഖത്തറിലെ പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് നോട്ടീസയച്ചു.
‘കൊറോണ വൈറസിന്റെയും ലോകമെമ്പാടുമുള്ള അതിന്റെ വ്യാപനത്തിന്റെയും നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ഖത്തറിന്റെ പൊതുജനാരോഗ്യ അപകടസാധ്യതകള്‍ ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നുവെന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കുന്നതിനായി മെഡിക്കല്‍, നഴ്‌സിംഗ്, ലബോറട്ടറി, റേഡിയോളജി, ഫാര്‍മസി, ക്ലിനിക്കല്‍ സപ്പോര്‍ട്ട് വകുപ്പുകളിലെ ജീവനക്കാരുടെ എല്ലാ അവധികളും റദ്ദാക്കാന്‍ തീരുമാനിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍, പിഎച്ച്‌സിസി പറഞ്ഞു.
ഏത് അടിയന്തിര സാഹചര്യവും നേരിടുവാന്‍ തയ്യാറാകുന്നതിന്റെ ഭാഗമാണിത്.
സര്‍ക്കുലര്‍ അനുസരിച്ച്, നിലവില്‍ അവധിയിലുള്ള കോവിഡ് 19 ടാസ്‌ക്കുകളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന മുഴുവന്‍ ജീവനക്കാരും (ഖത്തറിനകത്തോ പുറത്തോ ആകട്ടെ), ഉടന്‍ ജോലിയില്‍ പ്രവേശിക്കണം.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാത്തരം അവധികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രാഥമികാരോഗ്യ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് കോവിഡ് കേസുകളും ആശുപത്രി അഡ്്മിഷനുകളും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും രാജ്യത്ത് സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യത്തെ 86 ശതമാനത്തിലധികം ജനങ്ങളും പൂര്‍ണമായും വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്.