ഖത്തറില്‍ കുട്ടികളില്‍ കോവിഡ് പടരുന്നു, സമൂഹം ജാഗ്രത പാലിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഗൗരവമായാണ് കാണുന്നതെന്നും കുട്ടികളില്‍ കോവിഡ് പടരുന്നുവെന്നത് ഏറെ ജാഗ്രത ആവശ്യമുള്ള കാര്യമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ട ക് ഷന്‍ ആന്റ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഡോ ഹമദ് ഈദ് അല്‍ റുമൈഹി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവരിലും കുട്ടികളിലും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിലുമൊക്കെയാണ് കോവിഡ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമൂഹം അതീവ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
ഏത്് അടിയന്തിര സാഹചര്യവും നേരിടുവാന്‍ പൊതുജനാരോഗ്യ മന്ത്രാലയം സജ്ജമാണ്. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ , ക്യൂബന്‍ ഹോസ്പിറ്റല്‍, ഹസം മെബൈരിക് ഹോസ്പിറ്റല്‍ എന്നീ മൂന്ന് ആശുപത്രികളാണ് നിലവില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി അഡ്് മിഷനുകള്‍ ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ കൂടുതല്‍ ആശുപത്രികളും സംവിധാനങ്ങളും കോവിഡ് ചികില്‍സക്കായി ഏര്‍പ്പെടുത്തും.
ഖത്തറില്‍ വാക്‌സിനേഷന്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 50 ലക്ഷത്തിലേറെ ഡോസ് വാക്‌സിനുകള്‍ നല്‍കി രാജ്യത്തെ 86 ശതമാനത്തിലധികം ജനങ്ങളേയും വാക്‌സിനേറ്റ് ചെയ്തു. നിലവില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ നടക്കുകയാണ്. സെപ്തംബര്‍ 15 ന് ആരംഭിച്ച ബൂസ്റ്റര്‍ ഡോസ് കാമ്പയിനില്‍ 247000 ആളുകള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
വ്യവസായിക മേഖലയിലും ബിസിനസിലുമുള്ള ജീവനക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ജനുവരി 9 ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പ്രതിദിനം 30000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയും.
വാക്‌സിനെടുത്തും സുരക്ഷ മുന്‍ കരുതലുകള്‍ പാലിച്ചും കോവിഡിനെ പ്രതിരോധിക്കുവാന്‍ സമൂഹം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.