കോവിഡ് കാലത്ത് പാസ്പോര്‍ട്ട് അപേക്ഷകരില്‍ വന്‍ കുറവ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് കാലത്ത് പാസ്പോര്‍ട്ട് അപേക്ഷകരില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി ഭീഷണി വിതക്കുന്ന സാഹചര്യത്തില്‍ പകുതിയിലധികം കുറവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാസ്പോര്‍ട്ട് അപേക്ഷകരില്‍ കോവിഡ് കാലത്ത് ഉണ്ടായതെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ചൂണ്ടി കാട്ടി.
പ്രധാനമായും വിദേശ ജോലിക്ക് വിശിഷ്യ ഗള്‍ഫ് മേഖലയിലേക്കുള്ള തൊഴിലിനാണ് ഇന്ത്യക്കാര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാറുള്ളത്. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്, 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ശരാശരി ഒരു കോടി പതിമൂന്ന് ലക്ഷത്തോളം അപേക്ഷകര്‍ ഉണ്ടായിരുന്നു. എന്നാല്‍ 2020 ല്‍ അത് അമ്പത്തി നാല് ലക്ഷമായി ചുരുങ്ങി. 2021 നവംബര്‍ അവസാനം വരെ മൊത്തം അപേക്ഷകര്‍ 64 ലക്ഷത്തോളം മാത്രമായിരുന്നു.ഇത് സൂചിപ്പിക്കുന്നത് സ്വതവേ ഇടിയുന്ന ഗള്‍ഫ് തൊഴില്‍ ലഭ്യതയുടെ മേല്‍ കോവിഡ് വരുത്തിയ വലിയ ഭീഷണി തന്നെയാണ്.
രണ്ടാമതായി, പാസ്പോര്‍ട്ട് കരസ്ഥമാകുന്നത് കുടുംബവിസിറ്റ്, പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ്. ഇവയിലും കോവിഡ് മഹാമാരി കുറവ് വരുത്തിയതായാണ് മനസ്സിലാകുന്നത്.
2014 മുതല്‍ 2021 നവംബര്‍ മാസം വരെ മൊത്തം 8,21, 78,560 പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ 7,34,06785 ഇന്ത്യയില്‍ വെച്ചും 87,71,775 പാസ്പോര്ട്ടുകള് വിദേശത്ത് വെച്ചുമാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.
കോവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ അനിശ്ചിതമായി തുടരുമ്പോള്‍ പ്രതീക്ഷയുടെ പുതിയ മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുമെന്ന് പ്രത്യാശിക്കാം.