ഖിയാഫ് ലോഗോ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യക്കാരായ പുസ്തക രചയിതാക്കളുടെ സംഘടനയായ ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറത്തിന്റെ (ഖിയാഫ് ) ലോഗോ പ്രകാശനം ചെയ്തു.
ഖിയാഫ് പ്രസിഡണ്ട് ഡോ. സാബു. കെ.സി, 98.6 എഫ്. എം. റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.
ഖിയാഫ് ലോഞ്ചിങ് പ്രോഗ്രാമിന്റെ മുന്നോടിയായി നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഖിയാഫ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ലോഞ്ചിങ് പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അന്‍സാര്‍ അരിമ്പ്ര, അഷ്റഫ് മടിയേരി, റേഡിയോ മലയാളം ഞഖ രതീഷ് എന്നിവരും സന്നിഹിതരായിരുന്നു. പ്രമുഖ എഴുത്തുകാരന്‍ പി. കെ. പാറക്കടവ് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഖിയാഫ് ലോഞ്ചിങ് പ്രോഗ്രാമില്‍ ഖത്തറിലെയും ഇന്ത്യയിലെയും പ്രമുഖര്‍ പങ്കെടുക്കും. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്ററും സംഘടനയുടെ ലോഞ്ചിങ് ഖത്തര്‍ ഓതേര്‍സ് ഫോറം പ്രസിഡന്റ് മറിയം യാസീന്‍ അല്‍ ഹമ്മാദിയും നിര്‍വഹിക്കും. അഞ്ചു പുസ്തകങ്ങളുടെ പ്രകാശനവും പുരസ്‌കാര ജേതാക്കളെ ആദരിക്കല്‍ ചടങ്ങും കലാപരിപാടികളും ലോഞ്ചിങ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രോഗ്രാം തീയതിയും വിശദവിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.