പിതാവിന്റെ കാവ്യ പ്രപഞ്ചത്തിന് സംഗീതാവിഷ്‌ക്കാരവുമായി മക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ദീര്‍ഘകാലം ഖത്തറിന്റെ പുണ്യ ഭൂവിലിരുന്ന് കാവ്യാത്മകമായ വരികളാല്‍ സംഗീത ലോകത്തെ ധന്യമാക്കി വെള്ളിവെളിച്ചത്തിലെത്താതെ കാലയവനികക്ക് പിന്നില്‍ പോയ്മറഞ്ഞ കെസി.മൊയ്തുണ്ണി ചാവക്കാടെന്ന അനശ്വര പ്രതിഭയുടെ സംഗീതവഴികളെ പ്രഭാപൂരിതമാക്കുകയാണ് മക്കളായ കെ.സി. ആരിഫും കരീമും. കെ.സി.എം. മീഡിയ എന്ന യു ട്യൂബ് ചാനലിലൂടേയും ഫേസ് ബുക്ക് പേജിലൂടേയും പിതാവിന്റെ സംഗീതസംഭാവനകളെ സഹൃദയരിലേക്കെത്തിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ സഹോദരന്മാര്‍ ചെയ്തുവരുന്നത്.
സാഹിത്യം ആത്മീയതയില്‍ ചാലിച്ച പ്രതിഭാധനനായ എഴുത്തുകാരനായിരുന്ന കെ.സി. മൊയ്തുണ്ണിയുടെ ആത്മാര്‍പ്പണം എന്ന ആല്‍ബത്തിലൂടെ അനുരാഗം നല്‍കും, അനുഭൂതി നല്‍കും, സങ്കല്‍പ സാമ്രാജ്യ രാജാധിരാജന്‍ എന്നു തുടങ്ങുന്ന വരികള്‍ 80 കളില്‍ സഹൃദയമനം കവര്‍ന്നവയാണ്.
പ്രിയ പിതാവിന്റെ സൃഷ്ടികളോരോന്നും, കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ടു ഗായകരെക്കൊണ്ട് പാടിച്ച്, കെ.സി.എം മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ, പുറത്തിറക്കി സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് മക്കള്‍
പ്രശസ്തമാപ്പിളപ്പാട്ടു ഗായിക, ബല്‍ക്കീസ് റഷീദും പട്ടുറുമാലിലൂടെ വന്ന മകള്‍ ബെന്‍സീറയും, ഓരോ ഗാനങ്ങള്‍ വീണ്ടും പാടി ഇതിനകം ഹിറ്റായി കഴിഞ്ഞു
ഈ പാട്ടിന് ഹൃദ്യവും ആകര്‍ഷകവുമായ സംഗീതം നല്‍കിയിരിക്കുന്നത് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അഷ്‌റഫ് എടക്കരയാണ്.
പ്രശസ്തരായ സംഗീതജ്ഞരുടെ കീഴില്‍ ഹിന്ദുസ്താനി കര്‍ണാട്ടിക് സംഗീത ശാഖകളില്‍ പ്രാവീണ്യം നേടുകയും സംഗീതോപകരണങ്ങളായ ഹാര്‍മ്മോണിയം ഗിറ്റാര്‍ കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.