മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം തുടരുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്സിസി) ഖത്തര്‍ പോസ്റ്റുമായി സഹകരിച്ച് മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം തുടരും. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗികളുടെ സന്ദര്‍ശനം കുറയ്ക്കുകയാണ് ഹോം ഡെലിവറി സേവനം ലക്ഷ്യമിടുന്നതെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വിശദീകരിച്ചു.
ഓരോ ആരോഗ്യ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ള വാട്‌സ്ആപ്പ് നമ്പര്‍ വഴി രോഗികള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്താം.
ഞായര്‍ മുതല്‍ വ്യാഴം വരെ (രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയും) ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറുകളില്‍ രോഗികള്‍ക്ക് മരുന്ന് വിതരണത്തിന് അഭ്യര്‍ത്ഥിക്കാം, അതേസമയം വാരാന്ത്യങ്ങളില്‍ (വെള്ളി, ശനി) സേവനം ലഭ്യമാകില്ല.
രോഗിക്ക് തന്റെ ആരോഗ്യ കേന്ദ്രത്തിന്റെ നമ്പറിലേക്ക് ‘ഹലോ’ എന്ന വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ഫാര്‍മസിസ്റ്റ് രോഗിയെ ബന്ധപ്പെടുകയും രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ മരുന്നുകള്‍ ഖത്തര്‍ പോസ്റ്റ് വഴി വീട്ടിലെത്തിക്കുകയും ചെയ്യും. 30 റിയാലാണ് ഡെലിവറി ചാര്‍ജ്. അത് മരുന്നുമായി വരുന്ന ഖത്തര്‍ പോസ്റ്റ് ജീവനക്കാരനെ ഏല്‍പ്പിച്ചാല്‍ മതി.