Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോല്‍സവം ഇന്നും നാളെയും

ദോഹയിലെ കലാ-സാഹിത്യാസ്വാദകരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയുമെല്ലാം പങ്കെടുപ്പിച്ച് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യോല്‍സവത്തിന് ഇന്ന് തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫ. കെ. ഇ. എന്‍ കുഞ്ഞഹമ്മദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ സാഹിത്യാധ്യാപകനും ഭാഷാവിദഗ്ധനുമായ ഡോ.അശോക് ഡിക്രൂസ്, കവിയും വിവര്‍ത്തകനും അധ്യാപകനുമായ കെ.ടി.സൂപ്പി, മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ഷീല ടോമി എന്നിവരും ഫെസ്റ്റില്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.

സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗായകസംഘമായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ ടീമിന്റെ ലൈവ് സംഗീതസായാഹ്നവും അരങ്ങേറും.

ഇന്ന് വൈകീട്ട് 6.30 ന് ആരംഭിച്ച് വെള്ളി രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് പ്രോഗ്രാം സംവിധാനിച്ചിരിക്കുന്നത്.

കല-ജീവിതം -സമൂഹം,
രചനയുടെ രസതന്ത്രം,
എഴുത്തിലെ പുതിയ സങ്കേതങ്ങള്‍/ പരീക്ഷണങ്ങള്‍.
എന്നീ ശില്പശാലാ സെഷനുകളാണ് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡിസംബര്‍. 5, വെള്ളി രാവിലെ 9 ന് പുനരാരംഭിക്കുന്ന പരിപാടിയില്‍ എഴുത്തുകാരുമായുള്ള മുഖാമുഖം,
കവിതയുടെ മണ്ണും ആകാശവും,
എഴുത്തുകാരന്റെ പണിപ്പുര,
പുതിയകാല ഭാഷ- സാഹിത്യം- നവമാധ്യമങ്ങള്‍- സാധ്യതകള്‍ എന്നീ സെഷനുകളും ഉണ്ടായിരിക്കും. ഏഴ് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

വെള്ളി വൈകീട്ട് 4.30 ഓടെ അവസാനിക്കുന്ന സാഹിത്യശില്‍പശാല സെഷനുകള്‍ക്ക് ശേഷമാവും പൊതുസമ്മേളനവും
സമീര്‍ ബിന്‍സി- ഇമാം മജ്ബൂര്‍ സംഘം നയിക്കുന്ന സംഗീതസായാഹ്നവും നടക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ഖിയാഫ് സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിച്ച് ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

തുമാമ അല്‍ സാജ് റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍
കെ. ഇ എന്‍ കുഞ്ഞഹമ്മദ്,
കെ ടി സൂപ്പി,ഡോ. അശോക് ഡിക്രൂസ്, ഗസല്‍ ഖവാലി ഗായകരായ
സമീര്‍ ബിന്‍സി,ഇമാം മജ്ബൂര്‍
ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി, വൈസ്പ്രസിഡന്റ്
അഷ്റഫ് മടിയാരി,
ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര,ജോയിന്റ് സെക്രട്ടറി ഷംന ആസ്മി, ഡി എല്‍ എഫ് ജനറല്‍ കണ്‍വീനര്‍ തന്‍സീംകുറ്റ്യാടി,
എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button