പാര്‍ക്കുകളിലും റിസര്‍വുകളിലും പരിസ്ഥിതി ലംഘനം നടത്തിയ 8 പേരെ പിടികൂടിയതായി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ അല്‍ റീം ബയോസ്ഫിയര്‍ റിസര്‍വിലെ റൗദത്ത് അല്‍ സുഖൈബാരിയയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച 8 പേരെ മന്ത്രാലയത്തിന്റെ നാച്ചുറല്‍ റിസര്‍വ് പട്രോളിംഗ് പിടികൂടിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
1995 ലെ നിയമം നമ്പര്‍ 32 ലംഘിച്ച് പാര്‍ക്കുകളിലും റിസര്‍വുകളിലും വാഹനങ്ങളില്‍ പ്രവേശിച്ചവര്‍ക്കെതിരെ സസ്യ പരിസ്ഥിതിക്കും അതിന്റെ ഘടകങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്നത് തടയുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഖത്തറിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു.
പരിസ്ഥിതിയെ ലംഘിക്കുന്ന ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 184 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.