ഫിഫ ലോക കപ്പ് ഖത്തര്‍ 2022 ടിക്കറ്റ് ബുക്കിംഗ് അപേക്ഷ പ്രവാഹം തുടരുന്നു ആദ്യ ആഴ്ചയില്‍ 27 ലക്ഷം അപേക്ഷകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകരുടെ ആവേശമുയര്‍ത്തി ചരിത്രത്തിലാദ്യമായി അറബ് ലോകത്ത് നടക്കുന്ന ഫിഫ ലോക കപ്പ് ഖത്തര്‍ 2022 വിനുളള ടിക്കറ്റ് ബുക്കിംഗ് അപേക്ഷ പ്രവാഹം തുടരുകയാണെന്ന് ഫിഫ . ആദ്യ ആഴ്ചയില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 27 ലക്ഷം പേരാണ് ടിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചത്. ഫിഫ ലോക കപ്പില്‍ കഴിഞ്ഞ 32 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.
ആതിഥേയ രാജ്യമായ ഖത്തറില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് അപേക്ഷകള്‍. ഖത്തറില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്കിലുള്ള ടിക്കറ്റുകളുണ്ട്. എന്നാല്‍ എത്ര ശതമാനം പേര്‍ക്ക്് ടിക്കറ്റ് ലഭിക്കുമെന്ന് പറയാനാവില്ല. ഫെബ്രുവരി 8 വരെ ലഭിക്കുന്ന
റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കുക. ഖത്തര്‍ കഴിഞ്ഞാല്‍ അര്‍ജന്റീന, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുഎസ്എ, സ്‌പെയിന്‍, ജര്‍മ്മനി, യുഎഇ, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ലഭിച്ചത്.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള ഏക ഔദ്യോഗികവും നിയമാനുസൃതവുമായ വെബ്‌സൈറ്റ് FIFA.com/tickets ആണെന്ന് എല്ലാ ഫുട്‌ബോള്‍ ആരാധകരെയും ഫിഫ ഓര്‍മ്മിപ്പിച്ചു.
2022 ഫെബ്രുവരി 8-ന് ദോഹ സമയം 13:00-ന് അവസാനിക്കുന്ന ഈ ആദ്യ വില്‍പ്പന കാലയളവില്‍, ആരാധകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ടിക്കറ്റ് അപേക്ഷ സമര്‍പ്പിക്കാനാകും. ഈ പ്രാരംഭ ഘട്ടത്തില്‍, ടിക്കറ്റ് അപേക്ഷാ കാലയളവ് അവസാനിച്ചതിന് ശേഷം മാത്രമേ ടിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുകയുള്ളൂവെന്നതിനാല്‍, ആദ്യ ദിവസമോ അവസാന ദിവസമോ അതിനിടയിലുള്ള ഏത് സമയമോ അപേക്ഷകള്‍ സമര്‍പ്പിച്ചാലും വ്യത്യാസമില്ല.
ടിക്കറ്റ് അപേക്ഷകളുടെ ഫലമറിയാന്‍ മാര്‍ച്ച് 8 വരെ കാത്തിരിക്കേണ്ടി വരും.