കോവിഡ് ഭേദമായവര്‍ മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മതി
അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് ഭേദമായവര്‍ മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ മതിയെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍-മസ് ലമാനി.
കോവിഡ് ഭേദമായവരുടെ പ്രതിരോധശേഷി ഒമ്പത് മാസം വരെ നീണ്ടുനില്‍ക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്കിലും സുഖം പ്രാപിച്ചവര്‍ മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടെലിവിഷന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
അണുബാധയുടെയും തുടര്‍ന്നുള്ള വീണ്ടെടുക്കലിന്റെയും സന്ദര്‍ഭങ്ങളില്‍, ശരീരം വൈറസിനെതിരെ പ്രതിരോധിക്കും, ഇത് കുറഞ്ഞത് ആറ് മാസമെങ്കിലും നീണ്ടുനില്‍ക്കുകയും ഒമ്പത് മാസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. എന്നിരുന്നാലും, ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി കുറയാന്‍ തുടങ്ങുകയും ഒമ്പത് മാസത്തിന് ശേഷം മിക്കവാറും അപ്രത്യക്ഷമാവുകയും ചെയ്യുന്നു, അദ്ദേഹം വിശദീകരിച്ചു.
കോവിഡ് ഭേദമായ ശേഷം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അണുബാധയ്ക്ക് ഒരു മാസത്തിന് ശേഷം വാക്‌സിന്‍ എടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു.