ദേശീയ കായിക ദിന പരിപാടികള്‍ ഓപ്പണ്‍ എയര്‍ വേദികളില്‍ മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി ഈ വര്‍ഷം ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തിഗത, ടീം കായിക പ്രവര്‍ത്തനങ്ങളും ഓപ്പണ്‍ എയര്‍ വേദികളില്‍ മാത്രമായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
കായികദിന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ടീം സ്പോര്‍ട്സില്‍ വാക്സിനേഷന് എടുത്ത 15 പേരില്‍ കൂടുതല്‍ പാടില്ല.
പൂര്‍ണ്ണമായും വാക്സിനേഷന് എടുക്കാത്തവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വ്യക്തിഗത കായിക ഇനങ്ങളില്‍ പങ്കെടുക്കാം, എന്നാല്‍ ഇവന്റില്‍ പങ്കെടുക്കുന്നതിന് മുമ്പുള്ള 24 മണിക്കൂറിനുള്ളില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിസല്‍ട്ട് ഹാജറാക്കണണം. 1 മീറ്ററില്‍ കുറയാത്ത ശാരീരിക അകലം പാലിക്കുന്നതില്‍ എല്ലാവരും എല്ലായ്പ്പോഴും പ്രതിബദ്ധത കാണിക്കണമെന്ന് കമ്മിറ്റി ഓര്‍മ്മിപ്പിച്ചു.
സംഘാടകരും പങ്കെടുക്കുന്നവരും കാണികളും മാസ്ക് ധരിക്കണം. ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്പോര്‍ട്സ് അഭ്യസിക്കുമ്പോള്‍ മാസ്ക് ഒഴിവാക്കാം.
ഇഹ് തിറാസില്‍ ആരോഗ്യ സ്റ്റാറ്റസ് പച്ചയുള്ളവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കൂ.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ വിശിഷ്യാ 60 വയസ്സിന് മുകളിലുള്ളവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കാണികള്‍ പങ്കെടുക്കുന്ന കായിക പ്രവര്‍ത്തനങ്ങളുടെ വേദികളില്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു.