ലുസൈല്‍ സ്‌റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജം
അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയാരാധകരും കായിക പ്രേമികളും ആകംക്ഷയോടെ കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയം പണി പൂര്‍ത്തിയായതായും ഉദ്ഘാടനത്തിന് സജ്ജമായതായും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയിലെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഇവന്റ് എക്‌സ്പീരിയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി സൂചിപ്പിച്ചു. എന്നാല്‍ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
80000 ആളുകള്‍ക്ക് നേരിട്ട് കളികാണുവാന്‍ സൗകര്യമുള്ള ലുസൈല്‍ സ്‌റ്റേഡിയം ലോകോത്തര നിലവാരത്തിലുള്ളതും അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നതുമാണ് .
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫുട്‌ബോള്‍ ഫിയസ്റ്റയ്ക്കായി എല്ലാ സ്റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലക്ഷം ആരാധകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത് .
ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടത്തില്‍ തന്നെ വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും 2022 ഫിഫ ലോകകപ്പ് ഖത്തര്‍ കായികലോകത്തിന് അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.