ആരോഗ്യകരമായ ജീവിതത്തിന് കായിക പരിശീലനം അനിവാര്യം , ഡോ. മോഹന്‍ തോമസ്
ദോഹ. ആരോഗ്യകരമായ ജീവിതത്തിന് സ്ഥിരമായ കായിക പരിശീലനം അനിവാര്യമാണെന്നും ഓരോരുത്തരും അവനവന് സാധിക്കുന്ന കായിക പരിപാടികളില്‍ സംബന്ധിക്കണമെന്നാണ് ഖത്തര്‍ ദേശീയ കായിക ദിനം ഓര്‍മിപ്പിക്കുന്നതെന്നും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ് അഭിപ്രായപ്പെട്ടു. കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിത ശൈലി രോഗങ്ങള്‍ മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുന്ന ആധുനിക ലോകത്ത് കായിക വ്യായാമങ്ങളുടെ പ്രസക്തിയേറി വരികയാണ് . എല്ലാ പ്രായത്തില്‍പെട്ടവര്‍ക്കും കായിക പരിപാടികള്‍ അത്യാവശ്യമാണ് . ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഖത്തര്‍ നല്‍കുന്ന പ്രാധാന്യമാണ് ദേശീയ കായിക ദിനം അടയാളപ്പെടുത്തുന്നത്. സ്വദേശികളേയും വിദേശികളേയും കായിക വ്യായാമങ്ങളിലേക്കും ആരോഗ്യ സംരക്ഷണ പരിപാടികളിലേക്കും ക്ഷണിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിക്കുന്നുണ്ട്.
സ്‌പോര്‍ട്‌സ് ഈസ് ലൈഫ് എന്ന ഈ വര്‍ഷത്തെ കായിക ദിന മുദ്രാവാക്യവും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികാരോഗ്യത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ നേടുന്ന ഒന്നും അവന് ശരിയായി പ്രയോജനപ്പെടുത്താനോ ആസ്വദിക്കുവാനോ കഴിയില്ല. അതിനാല്‍ ജീവിതശൈലിയില്‍ അടിയന്തിരമായ മാറ്റങ്ങള്‍ വരുത്തി കായിക പരിശീലനം ആരംഭിക്കുവാനുള്ള ഉദ്‌ബോധനമാണ് ദേശീയ കായിക ദിനമെന്ന് അദ്ദേഹം പറഞ്ഞു.
കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിര്‍ള പബ്‌ളിക് സ്‌കൂളിലും ഏഷ്യന്‍ ടൗണിലുമാണ് പരിപാടികള്‍ നടക്കുക. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് പരിപാടികള്‍ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ സംരംഭകനും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സ്‌പോര്‍ട്‌സും ഗെയിംസുമൊക്കെ കളികളായാണ് സമൂഹം പരിഗണിക്കാറുള്ളത്. കളിയിലാണ് കാര്യം എന്ന പ്രധാനപ്പെട്ട ആശയമാണ് ഈ വര്‍ഷത്തെ കായികദിന സന്ദേശം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കളിയും കാര്യവും കോര്‍ത്തിണക്കി ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കി മാറ്റുവാനുള്ള ആഹ്വാനമാണ് ഓരോ കായിക ദിനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ചടങ്ങില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.
മീഡിയ പ്‌ളസ് സി.ഇ. ഒ.യും ദ പര്‍സ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിന്റെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.