2022 ല്‍ സന്ദര്‍ശിക്കേണ്ട മികച്ച 30 സ്ഥലങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തറും
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ല്‍ സന്ദര്‍ശിക്കേണ്ട മികച്ച 30 സ്ഥലങ്ങളില്‍ സ്ഥാനം പിടിച്ച് ഖത്തറും . പ്രശസ്ത രാജ്യാന്തര ആഡംബര യാത്രാ മാസികയായ കോണ്ടെ നാസ്റ്റ് ട്രാവലര്‍ (സിഎന്‍ടി) ആണ് 2022 ല്‍ സന്ദര്‍ശിക്കേണ്ട ലോകത്തിലെ ഏറ്റവും മികച്ച 30 സ്ഥലങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തത്.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ഒരുങ്ങുകയാണെന്നും സന്ദര്‍ശകര്‍ക്ക്് നിരവധി ആകര്‍ഷണങ്ങളാണ് ഖത്തര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സിഎന്‍ടി എഡിറ്റര്‍മാര്‍ തയ്യാറാക്കിയ പട്ടികയില്‍ പരാമര്‍ശിക്കുന്നു.
നവംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് ഏറെ പ്രത്യേകതകളുണ്ട്. പൂര്‍ണ്ണമായും ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പ് , അറബ് ലോകത്ത് ആദ്യമായി നടക്കുന്നതും പാശ്ചാത്യ വേനല്‍ക്കാലത്തിന് പുറത്ത് നടക്കുന്ന ആദ്യത്തേതും, പൂള്‍ വികസിക്കുന്നതിന് മുമ്പ് 32 ടീമുകളുമായി നടക്കുന്ന അവസാനത്തെ ലോക കപ്പെന്നതുമൊക്കെ സവിശേഷതകളില്‍ ചിലത് മാത്രമാകാം. 2026 ല്‍ 48 ടീമുകളുമായാണ് ലോക കപ്പ് നടക്കുക. ചരിത്രവും പാരമ്പര്യവും കൈകോര്‍ക്കുന്ന ഖത്തറിലെ മനോഹര കാഴ്ചകള്‍ ഏതൊരു സന്ദര്‍ശകനേയും ആകര്‍ഷിക്കും.
ഖതൈഫാന്‍ നോര്‍ത്ത് ദ്വീപടക്കം കൃത്രിമ ഉപ്പ് തടാകവും വലിയ വാട്ടര്‍ പാര്‍ക്കും ഉള്ള ഒരു പുതിയ വിനോദ കേന്ദ്രം ഉള്‍പ്പെടെ നിരവധി ആഡംബര ഹോട്ടലുകളും ആകര്‍ഷണങ്ങളുമാണ് ഖത്തറില്‍ ഒരുങ്ങുന്നതെന്ന് മാഗസിന്‍ പറഞ്ഞു.
കലയിലും സംസ്‌കാരത്തിലും പാരമ്പര്യത്തിലും സമ്പന്നമായ ഖത്തര്‍ കാണേണ്ട രാജ്യമാണ്. ഇത് പ്രാദേശിക സംസ്‌കാരത്തിന്റെ ഉദാരമായ ആതിഥ്യ സ്വഭാവത്തെ കേന്ദ്രീകരിച്ചാണ്. ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍, റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ മിഡില്‍ ഈസ്റ്റിന്റെ ഹൃദയഭാഗത്ത് ആഡംബരത്തിന്റെ ഒരു മരുപ്പച്ച സൃഷ്ടിച്ചിരിക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും, ലോകോത്തര സ്പാകളും വെല്‍നസ് സെന്ററുകളും, മിഷേലിന്‍-സ്റ്റാര്‍ ഷെഫുകളുള്ള റെസ്റ്റോറന്റുകളുമുള്ള വിപുലമായ ശ്രേണിയിലുള്ള ലക്ഷ്യസ്ഥാനത്ത് യാത്രക്കാര്‍ക്ക് സ്വയം മുഴുകി സന്ദര്‍ശനം അവിസ്മരണീയമാക്കാം.
ഭീംതാല്‍ മുതല്‍ ഭൂട്ടാന്‍ വരെ, സിക്കിം മുതല്‍ സിയോള്‍ വരെ, സിഎന്‍ടി എഡിറ്റര്‍മാരുടെ അഭിപ്രായത്തില്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ഏറ്റവും ആവേശകരമായ സ്ഥലങ്ങള്‍ ഇവയാണ്.
ഭീംതാല്‍ (ഉത്തരാഖണ്ഡ്), സിക്കിം, ഒഡീഷ, ഗോവ, കൊല്‍ക്കത്ത, മേഘാലയ, രാജസ്ഥാന്‍, സിക്കിം, സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര) (എല്ലാം ഇന്ത്യയില്‍), ശ്രീലങ്ക, ഭൂട്ടാന്‍, ഖത്തര്‍, ജപ്പാന്‍, യുഎഇ, ഈജിപ്ത്, ഒക്ലഹോമ (യുഎസ്എ), സിംഗപ്പൂര്‍ സുംബ (ഇന്തോനേഷ്യ), ലണ്ടന്‍ (യുകെ), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), സെര്‍ബിയ, ഉസ്‌ബെക്കിസ്ഥാന്‍, സിയോള്‍ (ദക്ഷിണ കൊറിയ).