Archived Articles

ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എപി.വഹാബിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ ഐ.എം.സി.സി

അമാനുല്ല വടക്കാങ്ങര

ദോഹ: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏക സംസ്ഥാനമായ ഐ എന്‍ എല്‍ കേരള ഘടകത്തെ പിരിച്ചുവിട്ട ദേശീയ പ്രസിഡന്റിന്റെ നിലപാട് ധിക്കാരപരവും അപലപനീയവുമാണെന്ന് ഖത്തര്‍ ഐ.എം.സി.സി നേതാക്കള്‍.വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രവാസി സംഘടനയായ ഐ.എം.സി. ജി. സി. സി കമ്മറ്റിയെ യാതൊരു കാരണവും കൂടാതെ അദ്ദേഹം പിരിച്ചു വിട്ടതും ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു.

പാര്‍ട്ടിയില്‍ രൂപപ്പെട്ട ഗ്രൂപ്പിസത്തിന് കാലാകാലങ്ങളായി ആശീര്‍വാദം നല്‍കി പാര്‍ട്ടിയെ തല്‍പരകക്ഷികളുടെ കൈകളില്‍ എത്തിക്കാനുള്ള കഠിനാധ്വാനം പ്രഫസര്‍ മുഹമ്മദ് സുലൈമാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി . മഹാനായ ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇരുന്ന കസേരയില്‍ ഇരുന്നാണ് ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നത്. ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകള്‍ രൂപപ്പെട്ടു വരുബോഴെല്ലാം അസ്വസ്ഥനാകുന്ന മുഹമ്മദ് സുലൈമാന്‍ എല്ലാ മാന്യതകളും കാറ്റില്‍ പറത്തി ദേശീയ സമിതി എന്ന പേരില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഒന്നര മണിക്കൂര്‍ മീറ്റിങ്ങിലൂടെയാണ് കേരളത്തിലെ പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവന്‍ തന്റെ താല്‍പര്യക്കാരുടെ പ്രീതിക്കുവേണ്ടി പിരിച്ചു വിട്ടത്.

പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന ഒരു വ്യവസ്ഥയും പാലിക്കാതെ ഒരു ടീമിനെ തട്ടിക്കൂട്ടി ദേശീയ നേതൃത്വം എന്ന വിശേഷണം നല്‍കി സ്വയം പ്രസിഡന്റായി കാലാകാലങ്ങളായി ഈ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കി മറ്റാര്‍ക്കോ കൊടുത്ത വാക്ക് നിറവേറ്റാനുള്ള ശ്രമമാണ് ഇത്തരം തരം താണ ഇടപെടലിലൂടെ അദ്ദേഹം നടത്തുന്നത്. വളരെ നല്ല സംഘടനാ സംവിധാനം ഉണ്ടായിരുന്ന തമിഴ്‌നാട്ടിലെ നാശം പൂര്‍ത്തീകരിച്ചതിന് ശേഷം ഇപ്പോള്‍ അദ്ദേഹം കേരളത്തിലെ പാര്‍ട്ടി സംവിധാനത്തെയും ഇല്ലാതാക്കുകയാണ് .

ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം സംസ്ഥാന പ്രസിഡന്റ് പ്രഫസര്‍ എപി അബ്ദുല്‍ വഹാബിന് പിന്നില്‍ അണി നിരക്കും. വഹാബിന്റെ തുടര്‍നീക്കങ്ങള്‍ക്ക് ഖത്തര്‍ ഐ.എം.സി.സി ഭൂരിപക്ഷം വരുന്ന നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. പി.പി. സുബൈര്‍ ( ജിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍) നിലവിലെ കമ്മറ്റി ഭാരവാഹികളായ യം യം മൗലവി( ഉപദേശക സമിതി ചെയര്‍മാന്‍) മജീദ് ചിത്താരി ( വൈസ് പ്രസിഡന്റ്) ബഷീര്‍ വളാഞ്ചേരി ( വൈസ് പ്രസിഡന്റ് ) റൈസല്‍ വടകര( സെക്ക്രട്ടറി) മന്‍സൂര്‍ കൊടുവള്ളി ( സെക്ക്രട്ടറി) നംഷീര്‍ ബഡെരി , സലാം നാലകത്ത് , നിസാര്‍ എലത്തൂര്‍ , അഷ്‌റഫ് ആലമ്പാടി, മന്‍സൂര്‍ ഒരവങ്കര, കുഞ്ഞമ്മദ് വില്ല്യാപ്പള്ളി എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചു.

Related Articles

Back to top button
error: Content is protected !!