അല്‍ ഉയൂന്‍ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ശമാല്‍ റോഡും താനി ബിന്‍ ജാസിമും തമ്മില്‍ ബന്ധിപ്പിക്കുന്ന അല്‍ ഉയൂന്‍ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ്ഗാല്‍. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് അല്‍ ഉയൂണ്‍ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
അല്‍ ഗറാഫയിലേക്ക് ബദല്‍ പ്രവേശനം നല്‍കുന്ന തെരുവ്, സമീപത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും സൂഖ് അല്‍ ഗറാഫ പോലുള്ള സ്റ്റോറുകളിലേക്കും മെച്ചപ്പെട്ട പ്രവേശനത്തിന് സൗകര്യമൊരുക്കുന്നതോടൊപ്പം അല്‍ ഷമാല്‍ റോഡിലെ ഗതാഗത സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായകമാകും.
അല്‍ ഹതീം സ്ട്രീറ്റ് , അല്‍ ഗറാഫ റോഡ്, ഇസ്ഗാവ, ഗറാഫത്ത് അല്‍ റയ്യാന്‍ എന്നിവിടങ്ങളില്‍ നിന്ന് അല്‍ ഷമാല്‍ റോഡിനെ മറികടന്ന് സബാ അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് വരുന്ന ഗതാഗതത്തിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ അശ്ഗാല്‍ ഒരു പുതിയ സിഗ്‌നല്‍ ജംഗ്ഷനും നിര്‍മ്മിച്ചിട്ടുണ്ട്.
അല്‍ ഉയൂന്‍ സ്ട്രീറ്റിന് 1.3 കിലോമീറ്റര്‍ നീളമുണ്ട്. ഓരോ ദിശയിലും രണ്ട് പാതകളിലായി മണിക്കൂറില്‍ 4,388 വാഹനങ്ങള്‍ക്ക് കടന്നുപോകാം. റോഡ് ഉപയോക്താക്കള്‍ക്ക് പ്രവേശനം സുഗമമാക്കുന്നതിന് പുതിയ സര്‍വീസ് റോഡുകളും ഒരുക്കിയിട്ടുണ്ട്.
അല്‍ ഉയൂണ്‍ സ്ട്രീറ്റ്, ഇസ്ഗാവയ്ക്കും അല്‍ ഗറാഫയ്ക്കും ഇടയില്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്കും ഉമ്മു ലെഖ്ബ ഇന്റര്‍ചേഞ്ചിലേക്കും പോകുന്നതിനുപകരം ബദല്‍ റൂട്ട് നല്‍കുന്നതിന് അശ്ഗാല്‍ നിര്‍മ്മിച്ച ന്യൂ അല്‍ ഹതീം സ്ട്രീറ്റുമായി സംയോജിപ്പിച്ചിരിക്കുന്നതാണ് .