Archived Articles

ആര്‍ എസ് സി ‘തര്‍തീല്‍’22; ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖുര്‍ആന്‍ വാര്‍ഷികമാസം എന്നറിയപ്പെടുന്ന പുണ്യറമളാനില്‍ ‘തര്‍തീല്‍-’22’ എന്ന പേരില്‍ ഗള്‍ഫിലുടനീളം ആര്‍ എസ് സി സംഘടിപ്പിക്കുന്ന ഹോളിഖുര്‍ആന്‍ മത്സരങ്ങള്‍ക്കും അനുബന്ധപരിപാടികള്‍ക്കും ഔദ്യോഗിക തുടക്കമായി. തൊള്ളായിരത്തി പതിനാറ് പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളില്‍ സമാരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷം മെയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനല്‍ മത്സരത്തോടെ പരിസമാപ്തിയാകും. മനുഷ്യനെ നേര്‍വഴിയില്‍ നയിക്കാനും സമാധാന പാത പുല്‍കാനും വഴികാട്ടിയായ ഖുര്‍ആന്‍ അവതരിച്ച വ്രതമാസത്തില്‍ സംഘടന ആചരിക്കുന്ന ‘വിശുദ്ധ റമളാന്‍; വിശുദ്ധ ഖുര്‍ആന്‍’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാര്‍ഷികപരിപാടിയായി സംഘടിപ്പിക്കുന്ന തര്‍തീലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കൊല്ലം നടക്കുന്നത്. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്‌ള് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മല്‍സര ഇനങ്ങള്‍. കൂടാതെ ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ എന്നിവയും മത്സരത്തോടനുബന്ധിച്ച് നടക്കും.

ഖത്തര്‍, സൗദി വെസ്റ്റ്, യു എ ഇ, സൗദി ഈസ്റ്റ്, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മത്സരാര്‍ഥികളായി മാത്രം അയ്യായിരം പേര്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോര്‍ട്ടില്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങള്‍ക്ക് അവസരം നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!