ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ റീജന്‍സി ഗ്രൂപ്പ് അനുശോചിച്ചു
ദോഹ: ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും തണലായിരുന്ന, സൗമ്യതയുടെ ആള്‍രൂപമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി റീജന്‍സി ഗ്രൂപ്പ് അറിയിച്ചു.
നാട്ടില്‍ പോകുന്ന സമയത്തു എത്ര തിരക്കുണ്ടെങ്കിലും പാണക്കാട് സന്ദര്‍ശിച്ചു സുഖ വിവരങ്ങള്‍ അന്വേഷിക്കാതെ മടങ്ങാറില്ല. അദ്ദേഹത്തിന്റെ സൗമ്യതയും വിശുദ്ധിയും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. ജീവിത യാത്രയിലെ വഴികാട്ടിയായിരുന്ന, ദീര്‍ഘ കാലത്തെ ആത്മബന്ധമുള്ള ഒരു ജേഷ്ടസഹോദരനെയാണ് നഷ്ടമായത് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ പറഞ്ഞു.
പ്രതിസന്ധികളെ ഇത്ര ആത്മസംയമനത്തോടെ നേരിടുന്ന മറ്റൊരാളെ നമുക്ക് കാണാനാവില്ല. വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയില്‍ പോയ സമയത്തു കൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് ഇടപഴകാനുമായത് ജീവിത ഭാഗ്യമായി കരുതുന്നു. ഇനിയും ഇങ്ങനെയൊരു സദ്ഗുണ സൗഭാഗ്യം സമുദായത്തിനും കേരളീയ സമൂഹത്തിനും ലഭിക്കാന്‍ നാം എത്രയോ കാത്തിരിക്കേണ്ടി വരും. സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന ഒരു മഹാത്മാവിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടം തന്നെയാണെന്നു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ പറഞ്ഞു.
നിരവധി തവണ അടുത്തിടപഴകിയപ്പോഴും അദ്ദേഹവുമൊത്തുള്ള യാത്രകളിലും ഒരു കൊച്ചു കുട്ടിയുടെ നിഷ്‌കളങ്കഥയാണ് കാണാനായത്. മറ്റുള്ളവരെ കളിയാക്കുന്ന തമാശകളും ട്രോളുകളും നിറഞ്ഞ ഈ ലോകത്ത് ഒരു നോട്ടം കൊണ്ട് പോലും ആരെയും വിഷമിപ്പിക്കാതിരിക്കാന്‍ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. യാത്രകളില്‍ കിട്ടുന്ന ഒഴിവു സമയങ്ങളില്‍ എല്ലാം ദിക്‌റുകള്‍ ചെല്ലാനും പരിശുദ്ധ ഖുര്‍ആനോ മറ്റു ഗ്രന്ഥങ്ങളോ പാരായണം ചെയ്യാനുമായിരുന്നു അദ്ദേഹം സമയം കണ്ടെത്തിയിരുന്നത് എന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബൂബക്കര്‍ പറഞ്ഞു.
സ്‌നേഹവും കാരുണ്യവും പകര്‍ന്നു നല്‍കിയ നേതാവിന്റെ വിയോഗത്തില്‍ നാടിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു