ഖത്തറിലെ പൊതുമാപ്പ് അറിയേണ്ടതെല്ലാം
അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബര്‍ 10 ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്നവരുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെ വിവിധ ഭാഷകളില്‍ വിശദമായ ബോധവല്‍ക്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്.
മാധ്യമ പ്രവര്‍ത്തകരുടെയും കമ്മ്യൂണിറ്റി നേതാക്കളുടേയും സാന്നിധ്യത്തില്‍ നടന്ന നിരവധി വാര്‍ത്താസമ്മേളനങ്ങള്‍ക്കും വാര്‍ത്താ കുറിപ്പുകള്‍ക്കും പുറമേ പൊതുമാപ്പിനെക്കുറിച്ച അറിയേണ്ട കാര്യങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുപോകുന്നത്.
ഇംഗ്‌ളീഷ് , അറബിക് എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി, ഉറുദു, നേപ്പാളി, ബംഗാളി, സിന്‍ഹളി, തഗലോഗ് , പശ്തു, ഇന്തോനേഷ്യന്‍ എന്നീ ഭാഷകളിലാണ് വിശദമായ വിവരങ്ങളടങ്ങിയ സോഷ്യല്‍ മീഡിയ കാമ്പയിനുമായി മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.
ഗ്രേസ് പിരിയഡാണ് 2022 മാര്‍ച്ച് 31 അവസാനിക്കുമെന്നതിനാല്‍ രാജ്യത്ത് നിയവിരുദ്ധമായി താമസിക്കുന്നവരൊക്കെ തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുവാന്‍ ലഭിച്ച ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.