ലോജിസ്റ്റിക് സിറ്റി ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നുകൊടുത്ത് അശ്ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോജിസ്റ്റിക് സിറ്റി ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നുകൊടുത്ത് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍ ). ഇത് ജി-റിംഗ് റോഡിന്റെ തെക്ക് പ്രവേശന കവാടത്തില്‍ ഫ്രീ സോണില്‍, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് തെക്ക് പടിഞ്ഞാറ്, എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിന് മുമ്പായാണ്. രാജ്യത്തിന്റെ വികസന പദ്ധതിയുടെ ഭാഗമായി അശ്ഗാല്‍’ നടപ്പിലാക്കുന്ന സമ്പൂര്‍ണ അതിവേഗ പാത പദ്ധതികളില്‍പ്പെട്ട ഈ ഇന്റര്‍ചേഞ്ച് വാഹന ഗതാഗത രംഗത്ത് ഏറെ പ്രധാനപ്പെട്ടതാണ്.
പുതിയ ഇന്റര്‍ചേഞ്ചില്‍ രണ്ട് ലെവലുകളും മൂന്ന് പാലങ്ങളും അടങ്ങിയിരിക്കുന്നു, അവയില്‍ ഓരോ ദിശയിലും മൂന്ന് മുതല്‍ നാല് വരെ പാതകളുണ്ട്, നാല് എക്‌സിറ്റുകള്‍ക്ക് പുറമേ, ജംഗ്ഷന്റെ ശേഷി മണിക്കൂറില്‍ ഏകദേശം 10,000 വാഹനങ്ങളാക്കി മാറ്റുന്നു.
കൂടാതെ, മൂന്ന് ടണലുകള്‍, ഉപരിതല ജല ഡ്രെയിനേജ് ശൃംഖല, ചുറ്റുമുള്ള ഹരിത പ്രദേശങ്ങളിലെ ജലസേചന ആവശ്യങ്ങള്‍ക്കായി ശുദ്ധീകരിച്ച ജല ലൈനുകള്‍, ആശയവിനിമയ ശൃംഖല, ഇന്റര്‍ചേഞ്ചിന്റെ ഇരുവശങ്ങളിലും രണ്ട് കിലോമീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡുകള്‍ എന്നിവയും അശ്ഗാല്‍ നിര്‍മ്മിച്ചു കഴിഞ്ഞു.