ഖത്തറില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളടക്കം റമദാനില്‍ എല്ലാ പള്ളികളും പൂര്‍ണമായും തുറക്കും. ഔഖാഫ് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളടക്കം റമദാനില്‍ എല്ലാ പള്ളികളും പൂര്‍ണമായും തുറക്കുമെന്ന് ഔഖാഫ് മന്ത്രാലയം ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയം
അറിയിച്ചു. ഈ വര്‍ഷം എല്ലാ പള്ളികളിലും സംഘടിതമായ തറാവീഹ് നമസ്‌കാരം നടക്കും. കോവിഡ് ഭീഷണികാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി പള്ളികളില്‍ തറാവീഹ് നമസ്‌കാരം നടന്നിരുന്നില്ല .
പരിശുദ്ധ റമദാനിനെ സജീവമാക്കുന്നതിനായി മതപഠന ക്ളാസ്സുകള്‍, സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള മല്‍സര പരിപാടികള്‍ തുടങ്ങി ആയിരത്തോളം പ്രത്യേക പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശി വിഭാഗങ്ങളെ ഉദ്ദേശിച്ച് വിവിധ ഭാഷകളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും.
ബിന്‍ സായിദ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കതാറയില്‍ ഇംഗ്‌ളീഷ്, സ്പാനിഷ്, റഷ്യന്‍ എന്നിവയുള്‍പ്പടെ 9 ഭാഷകളില്‍ റമദാന്‍ പ്രഭാഷണങ്ങള്‍# നടക്കും.
രണ്ട് മാസം മുമ്പ് തന്നെ പള്ളികള്‍ തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. എല്ലാ പള്ളികളിലും ആവശ്യമായ മെയിന്റനന്‍സ് ജോലികള്‍ പൂത്തിയാക്കിയിട്ടുണ്ട്.
സകാത്ത് ഫണ്ട് പ്രയോജനപ്പെടുത്തി അര്‍ഹരായ കുടുംബങ്ങള്‍ക്ക് റമദാനില്‍ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി