
ഫിഫ 2022 ലോകകപ്പില്‍ ആര്‍ ആരെ നേരിടുമെന്ന് വെള്ളിയാഴ്ചയറിയാം
റഷാദ് മുബാറക്
ദോഹ: കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് ഇതുവരെ 27 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡേ ഖത്തറില്‍ കളിക്കുമെന്നുറപ്പായി. എന്നാല്‍ ആഫ്രിക്കന്‍ കരുത്തരായ മുഹമ്മദ് സലാഹും റിയാദ് മെഹ് റസും അദിമോല ലുക്മാനുമൊന്നുമില്ലാത്ത ലോക കപ്പാകും അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 .
പോര്‍ച്ചുഗല്‍, സെനഗള്‍, പോളണ്ട്, ഘാന, തുനീഷ്യ, മൊറോക്കോ കാമറൂണ്‍ ടീമുകളാണ് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്.
സെനഗളിനോട് ഷൂട്ടൗട്ടില്‍ തോറ്റാണ് കരുത്തരായ ഈജിപ്ത് യോഗ്യതാമല്‍സരത്തില്‍ പുറത്തായതെങ്കില്‍ എവേ ഗോള്‍ നിയമത്തില്‍ കുടങ്ങിയാണ് അള്‍ജീരിയയും നൈജീരിയയും പുറത്തായത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് നൈജീരിയ ലോക കപ്പിന് യോഗ്യത നേടാനാവാതെ നിരാശരായി മടങ്ങുന്നത്.
മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പായ ഫിഫ 2022 ന് നവംബര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വിസിലുയരുമ്പോള്‍ ഏതൊക്കെ ടീമുകള്‍ തമ്മിലാണ് ഗ്രൂപ്പ് മല്‍സരങ്ങള്‍ നടക്കുകയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
വെള്ളിയാഴ്ച രാത്രി 7 മണിക്കാണ് ഫൈനല്‍ ഡ്രോ നടക്കുക.