ഓണ്‍ അറൈവല്‍ വിസയുടെ ഹോട്ടല്‍ ബുക്കിംഗ് പേജ് ഡിസ്കവര് ഖത്തര്‍ നീക്കം ചെയ്തു, പ്രതീക്ഷയോടെ പ്രവാസി സമൂഹം
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്ത്യ, പാക്കിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ നിര്‍ബന്ധമാക്കിയിരുന്ന ഹോട്ടല്‍ ബുക്കിംഗ് പേജ് ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തതില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസി സമൂഹം . പലരും പെരുന്നാള്‍ അവധിക്ക് കുടുംബത്തെ ഓണ്‍ അറൈവല്‍ വിസയില്‍ കൊണ്ടുവരുവാന്‍ ടിക്കറ്റെടുത്തവരാണ് . എന്നാല്‍ മേല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കണമെങ്കില്‍ ഖത്തറില്‍ താമസിക്കുന്ന അത്രയും ദിവസത്തേക്ക് ഡിസ്കവര് ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന നിര്‍ദേശമാണ് ഏപ്രില്‍ 4 ന് അധികൃതര്‍ പ്രഖ്യാപിച്ചത്. ആയിരക്കണക്കിനാളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്.
ഇന്ന് ഉച്ചയോടെ ഡിസ്കവര് ഖത്തര്‍ സൈറ്റില്‍ നിന്നും ഓണ്‍ അറൈവല്‍ വിസക്കായി ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടല്‍ ബുക്കിംഗ് പേജ് അപ്രത്യക്ഷമായത് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് .
ഡിസ്കവര് ഖത്തര്‍ ഓണ്‍ അറൈവല്‍ വിസക്കായി ഏര്‍പ്പെടുത്തിയിരുന്ന ഹോട്ടല്‍ ബുക്കിംഗ് പേജ് താല്‍ക്കാലികമായി നീക്കം ചെയ്തതാണോ പുതിയ നിബന്ധനകളില്‍ മാറ്റം വരുന്നതിന്റെ ഭാഗമോണോ എന്ന് വ്യക്തമല്ലെങ്കിലും പോസിറ്റീവായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ കാര്യത്തിലെങ്കിലും ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം വരും ദിവസങ്ങളിലുണ്ടായേക്കും.