
റമദാനില്‍ പ്രാദേശിക കാര്‍ഷിക ചന്തകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാനില്‍ പ്രാദേശിക കാര്‍ഷിക ചന്തകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കും. അല്‍ മസ്രൂവ, അല്‍ വകറ, അല്‍ ഖോര്‍-അല്‍ ദക്കീറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലെ അഞ്ച് യാര്‍ഡുകള്‍ റമദാനില്‍ ആഴ്ചയില്‍ മൂന്നുതവണ വ്യാപാരത്തിനായി തുറന്നിരിക്കുമെന്ന് യാര്‍ഡുകളുടെ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ സുലൈതിയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.വൈകുന്നേരം 7 മണി മുതല്‍ രാത്രി 11 മണി വരെ വ്യാഴം, വെള്ളി ശനി ദിവസങ്ങളിലാണ് ഈ യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുക.
പ്രാദേശിക കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും മികച്ച വിലയില്‍ ഫ്രഷായ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും സഹായകമാകുന്ന നടപടിയാണിത്. തുടര്‍ച്ചയായി രണ്ടാംതവണയാണ് മന്ത്രാലയം റമദാന്‍ മാസത്തില്‍ ഈ യാര്‍ഡുകളില്‍ പ്രവര്‍ത്തനം തുടരുന്നത്.
യാര്‍ഡുകള്‍ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റിംഗ് ഫീസ് ശേഖരിക്കുന്നില്ലെന്നും ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ അവരെ സഹായിക്കുന്നുവെന്നും ഇത് മറ്റ് ചില്ലറ വില്‍പ്പന ശാലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മിക്ക ഇനം പച്ചക്കറികളുടെയും വില കുറയ്ക്കാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.