ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ ഈദ് ഫെസ്റ്റിവല്‍ മെയ് 3 മുതല്‍ 5 വരെ ദോഹ കോര്‍ണിഷില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ പ്രഥമ ഈദ് ഫെസ്റ്റിവല്‍ മെയ് 3 മുതല്‍ 5 വരെ ദോഹ കോര്‍ണിഷില്‍ നടക്കും. ബലൂണ്‍ പരേഡ്, നിത്യവുമുള്ള ഫയര്‍വര്‍ക്കുകള്‍, വൈവിധ്യമാര്‍ന്ന കലാസാംകാരിക പരിപാടികള്‍ തുടങ്ങിയ ഈദ് ഫെസ്റ്റിവലിനെ സവിശേഷമാക്കും. ഖത്തര്‍ ടൂറിസത്തിന്റെ വാര്‍ഷിക റമദാന് ഗബ്ഗയിലാണ് ടൂറിസം ഈ പ്രഖ്യാപനം നടത്തിയത്.
കോവിഡ് മഹാമാരിക്ക് ശേഷം വ്യക്തിഗത പരിപാടികളും ഉത്സവങ്ങളും പുനരാരംഭിച്ചതിന് ശേഷം നടക്കുന്ന ഈദ് ഫെസ്റ്റിവല്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ ആകര്‍ഷകമാകും. മേഖലയിലെ ആദ്യത്തെ ഭീമന് ബലൂണ്‍ പരേഡ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുക.
”വിനോദസഞ്ചാര വ്യവസായത്തിലെ വലിയ ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ഞങ്ങള്‍ ആവേശകരമായ ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ എച്ച് ഇ അക്ബര്‍ അല്‍ ബേക്കര്‍ അഭിപ്രായപ്പെട്ടു.
2022ലെ ഫിഫ വേള്‍ഡ് കപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിനായി ഞങ്ങള്‍ എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളും വിജയകരമായി പുനരാരംഭിച്ചു കഴിഞ്ഞു. കൂടാതെ ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആസ്വദിക്കാനുള്ള ആവേശകരമായ ഇവന്റുകള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.