ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
അമാനുല്ല വടക്കാങ്ങര
ദോഹ: വൃക്ക, കരള്‍, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയതിന് പിന്നാലെ രാജ്യത്തെ പ്രഥമ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .
ഈ വര്‍ഷം ഖത്തറില്‍ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് ഡയറക്ടറുമായ ഡോ. യൂസഫ് അല്‍ മസ്ലമാനിയെ ഉദ്ധരിച്ച പ്രമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
‘ഈ വര്‍ഷം ഖത്തറില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് അവയവം മാറ്റിവയ്ക്കല്‍ പരിപാടി ലക്ഷ്യമിടുന്നത്.
ഹൃദയം മാറ്റിവയ്ക്കല്‍ എന്നത് ഒരു വ്യക്തിയില്‍ നിന്ന് രോഗബാധിതമായ ഹൃദയം നീക്കം ചെയ്യുകയും ഒരു അവയവ ദാതാവില്‍ നിന്ന് ആരോഗ്യമുള്ള ഹൃദയം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ്.
”കഴിഞ്ഞ വര്‍ഷം, 2021, അവയവദാനത്തിനും മാറ്റിവയ്ക്കലിനും ഏറ്റവും മികച്ച വര്‍ഷമായിരുന്നു. ജീവിച്ചിരിക്കുന്ന 140-ലധികം ദാതാക്കളാണ് അവരുടെ കുടുംബാംഗങ്ങള്‍ക്കായി അവയവം ദാനം നല്കാന് എത്തിയത്. ഇവരില്‍ 31 പേര്‍ക്ക് അവയവമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് അവയവം ദാനം ചെയ്യാന്‍ കഴിഞ്ഞു. 13 പേര് 2021-ല്‍ മരിച്ച ദാതാക്കളായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021ല്‍ ആകെ 48 വൃക്ക മാറ്റിവയ്ക്കലും 7 കരളും 1 ശ്വാസകോശവും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയവും ഹമദ് മെഡിക്കല്‍ കോര്പറേഷന് നടത്തി.
2021-ല്‍ അവയവമാറ്റ പരിപാടി പുതിയ നാഴികക്കല്ലിലെത്തിയതായി ഡോ. മസ് ല മാനി പറഞ്ഞു. , കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖമുള്ള ഒരു രോഗിക്ക് ആദ്യത്തെ വിജയകരമായ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയ കഴിഞ്ഞ വര്‍ഷം നടന്നു. 2019ല്‍ ആകെ 31 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയപ്പോള്‍, 2020ല്‍ 3-4 ഓപ്പറേഷനുകള്‍ മാത്രമാണ് പകര്‍ച്ചവ്യാധി കാരണം നടത്തിയത്.
ഖത്തറില്‍, ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള വൃക്ക മാറ്റിവയ്ക്കല്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ മാത്രമാണ് നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 1986 ല്‍ ആണ് നടന്നത്. ദോഹ അവയവദാന ഉടമ്പടി ഖത്തറിലെ അവയവ മാറ്റിവയ്ക്കല്‍ സേവനങ്ങളുടെ വികസനത്തിന് അടിസ്ഥാനമായി മാറി. 2011 അവസാനത്തോടെ ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് ഔദ്യോഗികമായി ആരംഭിച്ച് 10 ദിവസങ്ങള്‍ക്കുള്ളില്‍, ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഖത്തറില്‍ വിജയകരമായി നടത്തി.
ഖത്തറിന്റെ അവയവദാതാക്കളുടെ ലിസ്റ്റില്‍ നിലവില്‍ 480,000-ത്തിലധികം ആളുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.