അല്‍ അഖ്സ പള്ളിയിലെ ആരാധകര്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ കാബിനറ്റ് അപലപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ അഖ്സ പള്ളിയിലെ ആരാധകര്‍ക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ കാബിനറ്റ് അപലപിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചത്.
ഇസ്രായേല്‍ അധിനിവേശം അല്‍ അഖ്സ മസ്ജിദിന്റെ പവിത്രത ലംഘിക്കുകയും സൈനിക സംരക്ഷണത്തില്‍ കുടിയേറ്റക്കാര്‍ പള്ളിയില്‍ പ്രവേശിക്കുകയും ഫലസ്തീന്‍ ആരാധകര്‍ക്ക് നേരെയുള്ള ആക്രമണം നടത്തിയതിനേയും ഖത്തര്‍ ശക്തമായി അപലപിച്ചു. വിശുദ്ധ റമദാന്‍ മാസം ഫലസ്തീനികള്‍ക്ക് അവരുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നത് തടസ്സം സൃഷ്ടിക്കുന്ന ഇസ്രായേല്‍ നടപടി ന്യായീകരിക്കാനാവില്ല.
അല്‍ ഖുദ്സിലെയും അധിനിവേശ ഫലസ്തീന്‍ ഭൂമിയിലെയും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ അപകടകരമായ വര്‍ദ്ധനവിനെയാണ് ഈ നടപടികള്‍ പ്രതിനിധീകരിക്കുന്നതെന്ന് കാബിനറ്റ് വിലയിരുത്തി.
ഇത് ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ മനഃപൂര്‍വം പ്രകോപിപ്പിക്കലാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, പ്രമേയങ്ങള്‍ എന്നിവയുടെ ലംഘനമാണെന്നും മന്ത്രി സഭ നിരീക്ഷിച്ചു. ഇത്തരം നിയമവിരുദ്ധമായ നടപടികളോടുള്ള അറബ്, മുസ്ലീം പ്രതികരണങ്ങളെ അവര്‍ നിസ്സാരമാക്കുന്നുവെന്നാണ് തുടര്‍ച്ചയായ ഇസ്രായേല്‍ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നതെന്നും കാബിനറ്റ് പറഞ്ഞു.
കൊലപാതകം, അടിച്ചമര്‍ത്തല്‍, ഭീകരത, യഹൂദവല്‍ക്കരണം, കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര അറബ്, മുസ്ലീം നടപടികളും അന്താരാഷ്ട്ര ഇടപെടലും ആവശ്യമാണെന്ന് മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ന്യായവും ശാശ്വതവും സമഗ്രവുമായ സമാധാനം ഉറപ്പാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്നതിനൊപ്പം ഫലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും വിഷയവുമായി ബന്ധപ്പെട്ട യുഎന്‍ പ്രമേയങ്ങള്‍ പാലിക്കാനും ഇസ്രായേലിനെ നിര്‍ബന്ധിക്കണം.
ഈ ദുഷ്‌കരമായ സമയങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്കുള്ള ഖത്തര്‍ പിന്തുണ കാബിനറ്റ് ആവര്‍ത്തിച്ചു, കിഴക്കന്‍ അല്‍ ഖുദ്സ് തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഖത്തര്‍ നിലപാട്.