ദുര്‍ഗാദാസിനെതിരെ നിയമ നടപടിയെടുക്കണം . ഇന്‍കാസ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ ദുര്‍ഗാദാസ് ശിശുപാലനെതിരെ നിയമ നടപടി സ്വീകരിക്കുകയും മലയാള മിഷന് ഖത്തര്‍ കോര്‍ഡിനേറ്റര്‍ പദവില്‍ നിന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഇന്‍കാസ് ഖത്തര്‍ മുഖ്യ മന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ അഫിലിയേറ്റഡ് ചെയ്ത കേരളീയം ഖത്തര്‍ എന്ന സംഘടനയുടെ പ്രസിഡന്റ് സ്ഥാനവും കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഖത്തര്‍ കോര്‍ഡിനേറ്റര്‍ എന്ന സ്ഥാനവും അതുപോലെ പല പ്രധാന സംഘടനകളിലും പല പദവികളിലുമുള്ള ഇദ്ദേഹത്തില്‍ നിന്നും നമ്മുടെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ നഴ്സിംഗ് സമൂഹത്തിന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റിനെക്കുറിച്ച് ഇത്രയും മോശമായ രീതിയില്‍ വന്ന പ്രസ്താവന തികച്ചും അപലപനീയവും ദുരുദ്ദേശപരവുമാണ് .
ഗള്‍ഫുനാടുകളിലെ പ്രവാസികളെ പ്രത്യേകിച്ച് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാലാഖമാരെ വ്യക്തിപരമായി അധിക്ഷേപിച്ചത് എന്ത് രാഷ്ട്രീയ അജണ്ടയുടെ പേരില്‍ ആണെങ്കിലും അംഗീകരിക്കാനാവില്ല. പൊതു സമൂഹത്തെയൊന്നാകെ അപമാനിക്കുന്ന ഇത്തരം ആളുകളെ മതേതരത്വ ശക്തികള്‍ സാമൂഹ്യ രംഗത്ത് നിന്നും പൊതു ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണം.
ഖത്തറിലെ പ്രവാസി സമൂഹം ഇത്തരം പൈശാചിക ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളെയും ബഹിഷ്കരിക്കുകയും ഒറ്റപ്പെടുത്തുകയും വേണം.പ്രവാസത്തില്‍ കൂടെയുള്ളവരുടെ ജാതിയും മതവും നോക്കാതെ സാഹായിക്കുന്ന മനുഷ്യര്‍ താമസിക്കുന്ന ഇടമാണ് ഗള്‍ഫ് രാജ്യങ്ങള്‍.
കൃത്യമായ സംഘ്പരിവാര്‍ ബന്ധമുള്ള ആളുകള്‍ സര്‍ക്കാറിന്റെ കീഴിലുള്ള ഇത്തരം പദവികളില്‍ നിയമിക്കപ്പെടുന്നതും ഗൗരവമായി കണ്ട് അന്വേഷണം നടത്തണമെന്നും ഇന്‍കാസ് ആവശ്യപ്പെട്ടു.