110 മില്യണ്‍ ഡോളര്‍ ചിലവില്‍ ഖത്തറില്‍ അമേരിക്കന്‍ എംബസിക്ക് പുതിയ കെട്ടിടം
110 മില്യണ്‍ ഡോളര്‍ ചിലവില്‍ ഖത്തറില്‍ അമേരിക്കന്‍ എംബസിക്ക് പുതിയ കെട്ടിടം
അമാനുല്ല വടക്കാങ്ങര
ദോഹ: 110 മില്യണ്‍ ഡോളര്‍ ചിലവില്‍ ഖത്തറില്‍ അമേരിക്കന്‍ എംബസിക്ക് പുതിയ കെട്ടിടം പണിയുന്നു. ഖത്തര്‍ നല്കിയ പന്ത്രണ്ട് ഏക്കറിലധികമുള്ള വിശാലമായ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ അമേരിക്കന്‍ എംബസിക്ക് ദോഹയില്‍ പുതിയ കെട്ടിടം പണിയുന്നത്.
വാദി അല്‍ ബനാത്തിലുള്ള ഡിപ്ലോമാറ്റിക് സോണില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഉന്നത അമേരിക്കന്‍ – ഖത്തര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ കഴിഞ്ഞ ദിവസം നടന്നു.
അമേരിക്കയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് എംബസി പുതിയ ബില്‍ഡിങ്ങിലേക്കു മാറുന്നത്. അത്യാധുനിക ശൈലിയില്‍ 110 മില്ല്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മിക്കുന്ന കെട്ടിടം ഖത്തര്‍-അമേരിക്കന്‍ വാസ്തുകലയും പാരമ്പര്യവും സംയോജിപ്പിക്കുന്നുവെന്ന് മാത്രമല്ല ഉഭയകക്ഷി ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായത്തിന്റെ നാന്ദി കുറിക്കുമെന്നും ഖത്തറിലെ അമേരിക്കന്‍ എംബസി ഇന്‍ ചാര്‍ജ് അയാന് മെകാരി അഭിപ്രായപ്പെട്ടു.
നിലവില്‍ ഫെബ്രുവരി 22 റോഡില്‍ അല്‍ ലുഖ്തയിലുള്ള എംബസി കഴിഞ്ഞ 20 വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്നു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 2026 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.