പ്രവാസികള്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് ഘട്ടം ഘട്ടമായി നടപ്പാക്കും, ആദ്യ ഘട്ടം സന്ദര്‍ശകര്‍ക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിയമം ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും, ആദ്യ ഘട്ടം സന്ദര്‍ശകരെയാണ് ഫോക്കസ് ചെയ്യുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍, ഘട്ടം ഘട്ടമായുള്ള സമീപനം പിന്തുടരുമെന്ന് മന്ത്രാലയം അറിയിച്ചു; ആദ്യ ഘട്ടം സന്ദര്‍ശകരെ കേന്ദ്രീകരിച്ചായിരിക്കുമെന്നും പിന്നീട് പ്രഖ്യാപിക്കുന്ന ചില വ്യവസ്ഥകള്‍ക്കും നടപടികള്‍ക്കും അനുസൃതമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമത്തിന്റെ ഭാഗമായി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും രാജ്യത്തെ മുഴുവന്‍ പ്രവാസികളും സന്ദര്‍ശകരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേന ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുകയും ത്ത് അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയും വേണം.
ഈ മാസം പ്രാബല്യത്തില്‍ വന്ന ഖത്തറിലെ ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കുന്ന 2021 ലെ 21 ാം നമ്പര്‍ നിയമത്തിന്റെ കരട് എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് .
നിയമത്തിലെ വിശദമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കരട് എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ക്ക് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം നടപ്പിലാക്കുന്നത് രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ആരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.