ഫിഫ 2022 ഖത്തര്‍ ലോക കപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകള്‍ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഖത്തര്‍ ലോക കപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകള്‍ ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പിലൂടെയാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകള്‍ക്കായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കുന്നത്. പ്രത്യേക നമ്പറുകള്‍ക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം 2022 മെയ് 22 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് 2022 മെയ് 25 ന് രാത്രി 10 മണിക്ക് സമാപിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഈ പ്രത്യേക നമ്പര്‍ പ്ലേറ്റുകളില്‍ ലോകകപ്പിന്റെ ലോഗോ ഉണ്ടാകും. രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡിപ്പോസിറ്റുകളോടെ നമ്പറുകളെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും.
ലേലത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, ലേലത്തില്‍ വിജയിക്കുന്ന വ്യക്തി പരമാവധി 4 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെടണം. ലേലക്കാരന്‍ പണമടയ്ക്കുന്നതില്‍ നിന്ന് പിന്മാറിയാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടും. ഒരു ബിഡ്ഡര്‍ ഒന്നിലധികം പ്രത്യേക നമ്പറുകള്‍ നേടിയാല്‍, എല്ലാ നമ്പറുകള്‍ക്കും പണം നല്‍കിയതിന് ശേഷം മാത്രമേ അവര്‍ക്ക് നമ്പറുകള്‍ അനുവദിക്കൂ. ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ പണമടയ്ക്കാം.