പ്രവര്‍ത്തനം വിപൂലീകരിക്കാനൊരുങ്ങി കെ.ബി.എഫ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ്സ് ഫോറം പ്രവര്‍ത്തനം വിപൂലീകരിക്കാനൊരുങ്ങുന്നു. ഖത്തറിനകത്തും പുറത്തും അംഗങ്ങളുടെ വ്യാപാര നിക്ഷേപ സംരംഭങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതോടൊപ്പം കേരളത്തില്‍ കൂട്ടായ സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ സാധ്യതയും പഠിച്ചുവരികയാണെന്ന് പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ നടന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നോര്‍ക്കയുമായും വ്യവസായ വകുപ്പുമായുമൊക്കെ സഹകരിച്ച് ആരംഭിക്കാന്‍ സാധിക്കുന്ന സംരംഭങ്ങളെക്കുറിച്ച് പഠിക്കും. അംഗങ്ങളുടെ പങ്കാളിത്തത്തോടെ സാധ്യമാകുന്ന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.
മെമ്പര്‍മാര്‍ക്ക് ആവശ്യമായ ട്രെയിനിംുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യവസായപ്രമുഖരുമായുള്ള സംവാദങ്ങള്‍ തുടങ്ങിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുമായി കെ.ബി.എഫ്. ഖത്തര്‍ പ്രവാസ ലോകത്ത് സജീവമാണ്.
കോവിഡാനന്തര കാലത്ത് ബിസിനസ്സിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന മലയാളി സംരംഭകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ‘ എക്‌സ്‌പ്ലോര്‍ ദ അണ്‍ എക്‌സ്‌പ്ലോര്‍ഡ് ‘ എന്ന ആശയവുമായി കെ.ബി.എഫ് സംഘടിപ്പിച്ച ബിസിനസ് മീറ്റ് പല ഉള്‍കാഴ്ചയും നല്‍കി. കെ.ബി.എഫിന്റെ ഇരുപതംഗങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ ടാന്‍സാനിയന്‍ ബിസിനസ് ട്രിപ് ഏറെ ഉപകാരപ്രദമായിരുന്നു. ടാന്‍സാനിയയില്‍ വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിന് പുറത്തും മലയാളി സംരംഭകരുടെ കൂട്ടായ്മയായി കെ.ബി.എഫ് ഗ്‌ളോബല്‍ എന്ന ആശയവും ചര്‍ച്ച ചെയ്തുവരികയാണ് .
കെ.ബി.എഫിന്റെ മെമ്പര്‍ഷിപ്പ് കം പ്രിവിലേജ് കാര്‍ഡ് ചടങ്ങില്‍ പുറത്തിറക്കി. കെ.ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.ആര്‍. ജയരാജ് കെ.ബി.എഫ്. സ്ഥാപക പ്രസിഡണ്ട് അബ്ദുല്ല തെരുവത്തിന് നല്‍കിയാണ് കാര്‍ഡ് പുറത്തിറക്കിയത്.
വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡണ്ട് സി. എ. ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഹാദ് അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഗിരീഷ് പിള്ള സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജോ.സെക്രട്ടറി നിഷാം ഇസ്മാഈല്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.