ഫാന്‍സി പോസ്റ്റ് ബോക്സ് നമ്പറുകള്‍ ലേലം ചെയ്യാനൊരുങ്ങി ഖത്തര്‍ പോസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫാന്‍സി പോസ്റ്റ് ബോക്സ് നമ്പറുകള്‍ ലേലം ചെയ്യാനൊരുങ്ങി ഖത്തര്‍ പോസ്റ്റ് . നിരവധി ഫാന്‍സി പോസ്റ്റ് ഓഫീസ് (പിഒ) ബോക്‌സ് നമ്പറുകള്‍ വില്‍ക്കാന്‍ ഓണ്‍ലൈന്‍ ലേലം ആരംഭിക്കുന്നതിന് ഖത്തര്‍ പോസ്റ്റ് എംസാദ് ഖത്തര്‍ വെബ്‌സൈറ്റിന്റെ ഉടമയുമായി കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട് .
ഇന്ന് ആരംഭിക്കുന്ന ലേലം ചൊവ്വാഴ്ച വരെ മൂന്ന് പ്രത്യേക നമ്പറുകളില്‍ ട്രിപ്പിള്‍ അക്കങ്ങളില്‍ തുടരും. ഓഫറിലുള്ള ഈ പിഒ ബോക്സുകളുടെ നമ്പരുകള്‍ ഖത്തര്‍ പോസ്റ്റിന്റെ കോര്‍ണിഷ് ഏരിയയിലെ പ്രധാന ആസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്യുക. അത് മറ്റൊരു ശാഖയിലേക്ക് മാറ്റാനോ വീണ്ടും രജിസ്റ്റര്‍ ചെയ്യാനോ കഴിയില്ലെന്നത് ലേലത്തിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും ഉള്‍പ്പെടുന്നു.
വിജയികള്‍ ഖത്തര്‍ പോസ്റ്റിലെ പിഒ ബോക്സുകള്‍ക്കുള്ള വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ടിവരും. കൂടാതെ, വിജയി ബിഡ്ഡിംഗ് കഴിഞ്ഞ് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ മൂല്യത്തിന് പുറമേ ആവശ്യമായ എല്ലാ ഫീസും നല്‍കുകയും വേണം. ബിഡ്ഡിംഗ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിന് എല്ലാ ലേലക്കാരും സെറ്റ് മൂല്യത്തിന്റെ 1% സെക്യൂരിറ്റി തുക നല്‍കണം. കൂടാതെ, എംസാദ് ഖത്തര്‍ വെബ്‌സൈറ്റ് ഓരോ വിജയികളില്‍ നിന്നും 500 റിയാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് ശേഖരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു