
കള്‍ച്ചറല്‍ ഫോറം പ്രതിഷേധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധ സമരം നടത്തിയതിന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കമ്മിറ്റിയംഗം ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചു മാറ്റിയ യു. പിയിലെ അലഹാബാദ് ജില്ലാ ഭരണകൂട നടപടിക്കെതിരെ കള്‍ച്ചറല്‍ ഫോറം പ്രതിഷേധിച്ചു. ജാവേദ് മുഹമ്മദിന്റെ കുടുംബത്തെയുള്‍പ്പെടെ കലാപശ്രമം നടത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീട് പൊളിച്ചുമാറ്റിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ശക്തമായി പ്രതിഷേധമറിയിച്ച ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദയ്ക്കെതിരില് ജനകീയ പ്രതിഷേധം നടത്തി എന്നതിന്റെ പേരിലാണ് മുഴുവന്‍ ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ലംഘിച്ചുകൊണ്ട് ബുള്‍ഡോസറുപയോഗിച്ച് വീട് തരിപ്പണമാക്കിയത്. അസമില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തി രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന നിരവധി അവകാശങ്ങളെയാണ് ലംഘിക്കുന്നത്. രാജ്യം ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്രത്തെയും വെല്ലുവിളിക്കുന്നതാണ് യു. പി സര്‍ക്കാര്‍ നടപടി. ഇത്തരം നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും കള്‍ച്ചറല്‍ ഫോറം പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു.